കഴിഞ്ഞദിവസമാണ് തൃശൂർ ജില്ലയിലെ കൈപ്പമംഗലം പനമ്പിക്കുന്ന് സെന്ററിന് സമീപം നടന്ന വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ തമിഴ്നാട് സ്വദേശികളായ എട്ട് എൻജിനീയറിംഗ് വിദ്യാർഥികളുടെ അവസാന നിമിഷങ്ങളിലെ സന്തോഷം നിറഞ്ഞ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു.
യാത്രയുടെ ആഹ്ളാദത്തിനിടയിൽ അവർ പകർത്തിയ ആ ദൃശ്യങ്ങൾ ഇപ്പോൾ കരളലിയിപ്പിക്കുന്ന ഓർമയായി മാറിയിരിക്കുകയാണ്. ദിണ്ടിഗൽ പിഎസ്എസ്എ കോളേജ് ഓഫ് എൻജിനീയറിംഗ് ആൻഡ് ടെക്നോളജിയിലെ വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്. കേരളത്തിലൂടെ കാറിൽ സഞ്ചരിക്കവേ അവർ സെൽഫികൾ എടുത്തും വ്ലോഗ് ചെയ്തുകൊണ്ടും അതിയായി ആഹ്ലാദിക്കുന്നതാണ് ആദ്യ വീഡിയോയിലുള്ളത്. എന്നാൽ, ഏതാനും മിനിറ്റുകൾക്കകം ആ സന്തോഷ യാത്ര കനത്ത ദുരന്തത്തിൽ കലാശിക്കുകയായിരുന്നു.
യുവാക്കൾ സഞ്ചരിച്ചിരുന്ന കാർ റോഡരികിൽ നിർത്തിയിട്ടിരുന്ന ഗുഡ്സ് ലോറിയുടെ പിന്നിലേക്ക് അതിവേഗത്തിൽ ഇടിച്ചുകയറുകയായിരുന്നു. ശക്തമായ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. തുടർന്ന് പോലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് ഹൈഡ്രോളിക് യന്ത്രങ്ങൾ ഉപയോഗിച്ചാണ് കാർ വെട്ടിപ്പൊളിച്ച് അകത്തുണ്ടായിരുന്നവരെ പുറത്തെടുത്തത്. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറി.
വിശ്വ വി, സൂര്യ ഐ, ജോഷ്വ ഹിൽസൺ ജെ, യുവ സഞ്ജിത് കെ, സന്തോഷ് ജി, പ്രസന്ന ആർ, ജീവ എൻ, മുരളി കൃഷ്ണൻ എം എന്നീ 20 നും 21 നും ഇടയിൽ പ്രായമുള്ള, മെക്കാനിക്കൽ, സിവിൽ എൻജിനീയറിംഗ് വിദ്യാർഥികളാണ് ജീവൻ വെടിഞ്ഞത്.
ദിണ്ടിഗൽ, മധുര, സേലം തുടങ്ങിയ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരാണ് ഇവർ. അപകടത്തിന് കാരണം അമിതവേഗതയാണെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാകുമ്പോഴും, റോഡരികിൽ യാതൊരു മുന്നറിയിപ്പ് സംവിധാനങ്ങളുമില്ലാതെ ലോറി നിർത്തിയിട്ടിരുന്നതും അന്വേഷണ പരിധിയിലുണ്ട്. ദേശീയപാത നിർമ്മാണം നടക്കുന്ന പ്രസ്തുത പ്രദേശത്ത് ആവശ്യത്തിന് വെളിച്ചമോ സുരക്ഷാ മുന്നറിയിപ്പുകളോ ഇല്ലായിരുന്നതും വലിയ ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. ഉറങ്ങിക്കിടക്കുകയായിരുന്ന ലോറി ഡ്രൈവർ തുക്കാറാം (33) സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു.
