വാഷിംഗ്ടൺ ഡിസി: ഇന്ത്യ നരകക്കുഴിയാണെന്നു പറയുന്ന പോസ്റ്റ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചതിനു പിന്നാലെ ഇന്ത്യക്കു പ്രശംസയുമായി അമേരിക്കൻ പ്രസിഡന്റ് ട്രംപ്. ഇന്ത്യ മഹത്തായ രാജ്യമാണെന്നും തന്റെ നല്ലൊരു സുഹൃത്താണ് ഇന്ത്യയെ നയിക്കുന്നതെന്നും ട്രംപ് പറഞ്ഞു.
നേരത്തേ ഇന്ത്യയും ചൈനയും നരകക്കുഴികളാണെന്നാരോപിക്കുന്ന കുടിയേറ്റവിരുദ്ധ റേഡിയോ അവതാരകൻ മൈക്കിൾ സാവേജിന്റെ പ്രസ്താവന ട്രംപ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത് വിമർശനങ്ങൾക്കിടയാക്കിയിരുന്നു.
അമേരിക്കയിൽ ജനിക്കുന്നവർക്ക് അമേരിക്കൻ പൗരത്വം ഉറപ്പാക്കുന്ന നിയമത്തെ എതിർക്കുന്നതിനിടയിലാണ് സാവേജ് വിവാദ പരാമർശം നടത്തിയത്.
ഇന്ത്യക്കാരും ചൈനക്കാരും ഒന്പതാം മാസം അമേരിക്കയിലെത്തി പ്രസവിക്കുകയും കുട്ടിക്ക് അമേരിക്കൻ പൗരത്വം ലഭിക്കുകയും തുടർന്ന് കുടുബാംഗങ്ങളെ അമേരിക്കയിലെത്തിക്കുകയും ചെയ്യുന്നതായി സാവേജ് ആരോപിക്കുന്നു.
ഇന്ത്യക്കാരും ചൈനക്കാരും ലാപ്ടോപ് ഏന്തിയ ഗുണ്ടകളാണ്. മാഫിയക്കാരേക്കാൾ വലിയ ദോഷമാണ് അവർ അമേരിക്കയ്ക്കു ചെയ്തിട്ടുള്ളത്. അമേരിക്കക്കാരെ രണ്ടാം ക്ലാസ് പൗരന്മാരായിട്ടാണ് അവർ പരിഗണിക്കുന്നത്.
കലിഫോർണിയയിലെ ഹൈടെക് കന്പനികളിൽ വെള്ളക്കാരെ ജോലിക്കെടുക്കില്ലെന്ന് മനസിലാക്കിയതോടെയാണ് ഇന്ത്യക്കാർക്കുള്ള പിന്തുണ താൻ അവസാനിപ്പിച്ചതെന്നും സാവേജ് പറയുന്നു.
