തിരുവനന്തപുരം: കൊടുംചൂട് തുടരുന്നതിനിടെ സംസ്ഥാനത്തെ മൂന്നു ജില്ലകളിൽ ഇന്ന് ഉഷ്ണ തരംഗ സാധ്യത. കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിലാണ് ഉഷ്ണതരംഗ സാധ്യതയുള്ളത്. ഈ സാഹചര്യത്തിൽ മൂന്നു ജില്ലകളിലും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
പാലക്കാട് ജില്ലയിൽ ഇന്ന് 41 ഡിഗ്രി സെൽഷസ് വരെ താപനില ഉയരാൻ സാധ്യതയുണ്ട്. കൊല്ലം, തൃശൂർ ജില്ലകളിൽ ഇന്ന് 40 ഡിഗ്രി സെൽഷസിലേക്ക് ചൂട് ഉയർന്നേക്കും. കോട്ടയം, പത്തനംതിട്ട, എറണാകുളം, കോഴിക്കോട് ജില്ലകളിൽ 38 ഉം ആലപ്പുഴ, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ 37 ഡിഗ്രി സെൽഷസ് വരെയും ചൂട് ഉയർന്നേക്കും. തിരുവനന്തപുരത്ത് സാധാരണ അനുഭവപ്പെടുന്ന താപനിലയേക്കാൾ നാലു ഡിഗ്രി സെൽഷസ് വരെ ഉയർന്ന് 36 ഡിഗ്രി വരെ എത്താൻ സാധ്യത കാണുന്നു.
ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും മൂലം ഈ ജില്ലകളിൽ ഈ മാസം 26 വരെ ശക്തമായ ചൂടും കാഠിന്യവുമുള്ള കാലാവസ്ഥ അനുഭവപ്പെടുമെന്നു കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു.
