അടിമാലി: വേനല്‍ കടുക്കുകയും പകല്‍ താപനില ക്രമാതീതമായി ഉയരുകയും ചെയ്തതോടെ ദാഹമകറ്റാന്‍ വിവിധ മാർഗങ്ങൾ സ്വീകരിക്കാനുള്ള ശ്രമത്തിലാണ് ജനങ്ങൾ. കരിമ്പിന് ജ്യൂസിനും കരിക്കിനും തണ്ണിമത്തനും പുറമേ തമിഴ്നാട്ടിൽനിന്നുള്ള കന്പ് കൂളിനും പ്രിയമേറുന്നു.തമിഴ്നാടന്‍ ഗ്രാമങ്ങളിലെ വഴിയോരങ്ങളിൽ ഇവ സുലഭമാണ്. മലയാളിക്കത്ര പരിചിതമല്ലാത്ത ദാഹശമന മാര്‍ഗമാണ് കമ്പ്കൂൾ. തേനി – ബോഡി റോഡിലൂടെ യാത്ര ചെയ്യുന്നവര്‍ക്ക് തീര്ഥമുരുകന് കോവിലിനരികിൽ ജയപ്രകാശണ്ണന്റെയും ഭാര്യ മുത്തുലക്ഷ്മിയുടെയും കടയിലാണ് ഇവയുടെ വിൽപ്പന പൊടിപൊടിക്കുന്നത്.
30 രൂപയാണ് ഒരു മൊന്ത കമ്പ്കൂളിന്റെ വില. ഇത് അകത്താക്കിയാൽ ദാഹം ശമിക്കുന്നതിനു പുറമേ വിശപ്പും പറപറക്കും. 23 വര്‍ഷമായി ഇരുവരും ചേർന്ന് ഇതിന്റെ വിൽപ്പന ആരംഭിച്ചിട്ട്. അരിയും ഗോതമ്പും പോലെയുള്ള ധാന്യമാണ് കമ്പ്. ഇത് ആദ്യം പൊടിച്ചെടുത്ത ശേഷം കുഴന്പ് രൂപത്തിലാക്കും. പിന്നീട് ഇതു തീയിൽ കുറുക്കിയെടുത്ത് മോരുമായി ചേർത്ത് പാനീയമാക്കി മാറ്റും. കമ്പ് പൊടിക്കുന്നതു മുതല്‍ കാച്ചിക്കുറുക്കുന്നതു വരെ അല്പം അധ്വാനം ആവശ്യമാണ്.
ചൂടേറെയുള്ള അടുപ്പിനരികില്നിന്നുവേണം കുഴമ്പ് രൂപത്തിലാക്കിയ കമ്പ് കാച്ചിക്കുറുക്കിയെടുക്കാന്. എങ്കിലും കമ്പ്കൂള് കഴിച്ച് ശരീരം തണുപ്പിച്ച് മടങ്ങുന്പോൾ ആളുകള്‍ക്കും മനസിൽനിറയുന്നത് സംതൃപ്തി. കമ്പ്കൂളിന് രുചിപകരാന്‍ വറുത്ത മുളകും മുളകു ചേര്‍ത്ത മാങ്ങയുമടക്കം വിവിധയിനം സൈഡ് ഡിഷുകളും കടയില്‍ ഒരുക്കിയിട്ടുണ്ട്.
എടുക്കുന്നതിനും കഴിക്കുന്നതിനും ഇരുവരും അളവൊന്നും നിശ്ചയിച്ചിട്ടില്ല. പകല്‍ ചൂടേറിയതോടെ ഇവിടെ കച്ചവടം തകൃതിയായിട്ടുണ്ട്.
