പരവൂർ: ഭാരതത്തിന്റെ അതിവേഗ റെയിൽ സ്വപ്നങ്ങൾക്ക് ചിറകു നൽകി ബുള്ളറ്റ് ട്രെയിൻ കോച്ചുകളുടെ നിർമാണത്തിന് ബംഗളൂരുവിൽ അത്യാധുനിക പ്ലാന്റ് സജ്ജമായി. ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡിലെ (ബെമൽ) “ആദിത്യ’ പ്ലാന്റിന്റെ ഉദ്ഘാടനം കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് നിർവഹിച്ചു. ബെമലിന്റെ തിപ്പസാന്ദ്ര കാമ്പസിലാണ് ആഭ്യന്തര സാങ്കേതികവിദ്യയിൽ കോച്ചുകൾ നിർമിക്കാനുള്ള ഈ കേന്ദ്രം പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. അതിവേഗ റെയിൽ സാങ്കേതികവിദ്യയുടെ വികസനം രാജ്യത്തെ തദ്ദേശീയ എൻജിനീയറിംഗ് രംഗത്തെ സുപ്രധാന നാഴികക്കല്ലാണെന്ന് മന്ത്രി പറഞ്ഞു.
അതിവേഗ റെയിൽ സർവീസുകൾക്കായി ബി-28 വിഭാഗത്തിൽപ്പെട്ട കോച്ചുകളാണ് ഈ പ്ലാന്റിൽ നിർമിക്കുന്നത്. ബുള്ളറ്റ് ട്രെയിനുകളുടെ വരവോടെ രാജ്യത്തെ പ്രമുഖ നഗരങ്ങൾ തമ്മിലുള്ള യാത്രാസമയം ഗണ്യമായി കുറയുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. പദ്ധതി യാഥാർഥ്യമാകുന്നതോടെ ചെന്നൈക്കും ബംഗളൂരുവിനുമിടയിലുള്ള യാത്രാസമയം വെറും 73 മിനിറ്റായി ചുരുങ്ങും.
ഇത് രണ്ട് നഗരങ്ങളെയും ഒരൊറ്റ സാമ്പത്തിക ഹബിന്റെ ഭാഗമായി മാറ്റാൻ സഹായിക്കും. അടുത്ത വർഷം മാർച്ചോടെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ പാളത്തിലിറക്കുക എന്നതാണ് റെയിൽവേയുടെ ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.ബുള്ളറ്റ് ട്രെയിനുകൾക്ക് പുറമെ ദക്ഷിണേന്ത്യയിലെ റെയിൽവേ വികസനത്തിന് ആക്കം കൂട്ടുന്ന നിരവധി പ്രഖ്യാപനങ്ങളും ചടങ്ങിലുണ്ടായി.
ബംഗളൂരുവിനെയും മുംബൈയെയും ബന്ധിപ്പിച്ച് വന്ദേ ഭാരത് സ്ലീപ്പർ എക്സ്പ്രസ് ഉടൻ സർവീസ് ആരംഭിക്കും. ഇതിന് പുറമെ ബംഗളൂരുവിനും മംഗളൂരുവിനുമിടയിൽ പുതിയ വന്ദേ ഭാരത് ട്രെയിനും ഹുബ്ബള്ളിയിൽ നിന്ന് എൽഎച്ച്ബി കോച്ചുകളോടുകൂടിയ പുതിയ മെയിൽ എക്സ്പ്രസ് സർവീസും ഉടൻ തുടങ്ങുമെന്ന് മന്ത്രി അറിയിച്ചു. രാജ്യത്തെ ഗതാഗത മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്കാണ് റെയിൽവേ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
