ഫിൻഫ്ലുവൻസറും കണ്ടന്റ് ക്രിയേറ്ററുമായ അങ്കുർ വരികൂ തന്റെ ഡ്രൈവർക്ക് മാസം 53,350 രൂപ ശമ്പളം നൽകുന്നതിനെക്കുറിച്ച് പങ്കുവെച്ച ലിങ്ക്ഡ്ഇൻ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. 13 വർഷമായി തങ്ങളോടൊപ്പം ജോലി ചെയ്യുന്ന ദയാനന്ദ് എന്ന ഡ്രൈവർ താൻ ജീവിതത്തിൽ നടത്തിയ ഏറ്റവും മികച്ച നിക്ഷേപങ്ങളിൽ ഒന്നാണെന്ന് അങ്കുർ വരികൂ കുറിച്ചു. ശമ്പളത്തിന് പുറമെ ദയാനന്ദിന്റെ കുടുംബത്തിന് ഹെൽത്ത് ഇൻഷുറൻസ്, ഒരു മാസത്തെ ശമ്പളം ദീപാവലി ബോണസ്, ഒരു സ്കൂട്ടി എന്നിവയും നൽകുന്നുണ്ട്.
13 വർഷം മുൻപ് 15,000 രൂപ ശമ്പളത്തിൽ തങ്ങളുടെ കൂടെ കൂടിയ ദയാനന്ദിനെ തങ്ങൾ കൺ അടച്ച് വിശ്വസിക്കുന്നുവെന്ന് അങ്കുർ പറയുന്നു. മക്കളെ ക്ലാസുകളിൽ കൊണ്ടുപോകുന്നതും, വീടിന്റെ ഡ്യൂപ്ലിക്കേറ്റ് താക്കോൽ സൂക്ഷിക്കുന്നതും, പ്രധാനപ്പെട്ട വീട്ടു കാര്യങ്ങൾ നോക്കുന്നതുമെല്ലാം അദ്ദേഹമാണ്. കുടുംബാംഗങ്ങളെ സ്വന്തം ആളുകളെപ്പോലെ കാണുന്ന അദ്ദേഹം പുലർച്ചെ 4:30ന് ഉണർന്ന് കൃത്യനിഷ്ഠയോടെയും അച്ചടക്കത്തോടെയുമാണ് ജോലി ചെയ്യുന്നതെന്നും അങ്കുർ വരികൂ കൂട്ടിച്ചേർത്തു.
മനസ്സമാധാനവും സമയവും ലാഭിക്കാൻ സഹായിക്കുന്ന അദ്ധ്വാനികളായ മനുഷ്യരോട് പണത്തിന്റെ കാര്യത്തിൽ ഉദാരമനസ്കത കാണിക്കണമെന്നാണ് അദ്ദേഹം പോസ്റ്റിലൂടെ ഉപദേശിക്കുന്നത്. എന്നാൽ ഈ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വലിയ അഭിപ്രായവ്യത്യാസങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. ദയാനന്ദിന്റെ വിശ്വസ്തതയെയും കഠിനാധ്വാനത്തെയും അർഹിക്കുന്ന രീതിയിൽ സാമ്പത്തികമായി അംഗീകരിച്ച വരികൂവിനെ ഒരു വിഭാഗം പ്രശംസിച്ചു.
അതേസമയം, പോസ്റ്റിനെ വിമർശിച്ചുകൊണ്ട് നിരവധി പേർ രംഗത്തെത്തി. 13 വർഷത്തെ അർപ്പിതമായ സേവനത്തിനും വിശ്വസ്തതയ്ക്കും ശേഷം 53,300 രൂപ നൽകുന്നത് വലിയ ‘ഉദാരമനസ്കത’ ഒന്നുമല്ലെന്നും അദ്ദേഹം അതിലും കൂടുതൽ അർഹിക്കുന്നുണ്ടെന്നും ചിലർ ചൂണ്ടിക്കാട്ടി.
