പരവൂർ: സാങ്കേതികവിദ്യ രാജ്യത്തൊട്ടാകെ ലഭ്യമാകുമ്പോൾ 2030-ഓടെ ഇന്ത്യയിലെ ഫൈവ്-ജി (5 ജി) വരിക്കാരുടെ എണ്ണം 100 കോടിയിലെത്തുമെന്ന് കേന്ദ്ര വാർത്താവിനിമയ മന്ത്രാലയം.നാലര ലക്ഷം കോടി രൂപയുടെ നിക്ഷേപത്തിലൂടെ റെക്കോർഡ് വേഗതയിലാണ് (രണ്ടര വർഷത്തിനുള്ളിൽ) രാജ്യത്ത് 5G നെറ്റ്വർക്ക് വ്യാപിപ്പിച്ചത്.
നിലവിൽ 50 കോടിയോളം ആളുകളിലേക്ക് 5G സേവനങ്ങൾ എത്തുന്നുണ്ടെന്നും രാജ്യത്താകെ അഞ്ച് ലക്ഷത്തിലധികം 5G ടവറുകൾ സ്ഥാപിച്ചുകഴിഞ്ഞതായും മന്ത്രാലയം അധികൃതർ ചൂണ്ടിക്കാട്ടി. സ്വകാര്യ ടെലികോം കമ്പനികളായ റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ എന്നിവയ്ക്ക് പിന്നാലെ ബിഎസ്എൻഎല്ലും ഉടൻ വാണിജ്യ അടിസ്ഥാനത്തിലുള്ള 5G സേവനങ്ങൾ ആരംഭിക്കും.
ഇന്ത്യ വെറുമൊരു സേവന ദാതാവ് എന്നതിൽ നിന്ന് സ്വന്തമായി ഉൽപ്പന്നങ്ങൾ നിർമിക്കുന്ന രാജ്യമായി മാറേണ്ടതുണ്ടെന്നാണ് മന്ത്രാലയം വിലയിരുത്തുന്നത്. ടെലികോം ഉപകരണ നിർമാണ മേഖലയ്ക്കായുള്ള ഉൽപ്പാദനബന്ധിത പ്രോത്സാഹന പദ്ധതി വൻ വിജയമാണെന്ന് മന്ത്രാലയം അധികൃതർ പറഞ്ഞു.
ടെലികോം മേഖലയിൽ മാത്രം പിഎൽഐ വഴി 6,000 കോടി രൂപയുടെ നിക്ഷേപം വരികയും 1,20,000 കോടി രൂപയുടെ വിൽപ്പനയും 25,600 കോടി രൂപയുടെ കയറ്റുമതിയും നടക്കുകയും ചെയ്തു. പദ്ധതിയിലൂടെ 36,000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടതായും അധികൃതർ കൂട്ടിച്ചേർത്തു.
ഇന്ത്യയുടെ ഉൽപ്പന്ന നിർമാണ ശേഷി വർധിപ്പിക്കുന്നതിന്റെ ഭാഗമായി മധ്യപ്രദേശിലെ ഗ്വാളിയോറിൽ രാജ്യത്തെ ആദ്യത്തെ ടെലികോം മാന്യൂഫാക്ചറിംഗ് സോൺ സ്ഥാപിക്കും. ഇതിനായി കേന്ദ്ര ടെലികോം വകുപ്പും മധ്യപ്രദേശ് സർക്കാരും തമ്മിൽ ധാരണാപത്രത്തിൽ ഒപ്പുവയ്ക്കും. ടെലികോം മേഖല, ഡാറ്റാ സെന്ററുകൾ, ചിപ്പ് നിർമാതാക്കൾ എന്നിവയ്ക്കായി ഒരു പ്ലഗ്-ആൻഡ്-പ്ലേ ആവാസവ്യവസ്ഥയാണ് ടിഎംഇസഡിലൂടെ ഒരുക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി.
