കൂറ്റനാട്: പട്ടാമ്പി റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർ നേരിടുന്ന അസൗകര്യങ്ങൾക്കു ഇനിയും പരിഹാരമാകുന്നില്ല. ദിവസേന യാത്രചെയ്യാൻ നൂറുക്കണക്കിനാളുകളാണ് ഈ സ്റ്റേഷനെ ആശ്രയിക്കുന്നത്.
എന്നാൽ നിലവിൽ ഒരു എടിവിഎം ടിക്കറ്റ് കൗണ്ടർ മാത്രമാണ് പ്രവർത്തിക്കുന്നത്. റെയിൽവേയുടെ ടിക്കറ്റ്കൗണ്ടർ റിസർവേഷൻ സേവനങ്ങൾക്കായി മാത്രം പരിമിതപ്പെടുത്തിയിരിക്കുന്നതിനാൽ സാധാരണ ടിക്കറ്റ് എടുക്കുന്നതിനായി മുഴുവൻ യാത്രക്കാരും എടിവിഎമ്മിനെ ആശ്രയിക്കേണ്ടി വരുന്നു.
ഇതോടെ സ്റ്റേഷന്റെ എൻട്രൻസിനു പുറത്തായി വെയിലത്തും നീണ്ട ക്യൂ രൂപപ്പെടുന്നതു പതിവായി. ഉച്ച സമയങ്ങളിൽ കടുത്ത വെയിലിൽ ക്യൂ നിൽക്കേണ്ടി വരുന്നത് മുതിർന്നവർക്കും കുട്ടികൾക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു.
മതിയായ ഷെൽട്ടർ സൗകര്യമില്ലാത്തതു പ്രശ്നം കൂടുതൽ രൂക്ഷമാക്കുന്നുവെന്നും യാത്രക്കാർ പറയുന്നു. സ്റ്റേഷനിൽ കൂടുതൽ ടിക്കറ്റ് കൗണ്ടറുകൾ സ്ഥാപിക്കുകയും, ക്യൂ നിൽക്കുന്നതിനായി മതിയായ ഷെൽട്ടർ സൗകര്യം ഒരുക്കുകയും വേണമെന്നാണ് ആവശ്യമുയരുന്നത്. നിലവിലുള്ള എടിവിഎം കൗണ്ടർ സ്റ്റേഷനകത്തേക്കു മാറ്റണമെന്നും ആവശ്യപ്പെടുന്നു.
