ബ്രിട്ടനിലെ യുവ ഉദ്യോഗാർത്ഥികൾ നേരിടുന്ന തൊഴിൽ പ്രതിസന്ധിയെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് 21കാരനായ ഖാലിദ് ഷെരീഫ്. ലണ്ടനിലെ കിംഗ്സ്റ്റൺ സർവകലാശാലയിൽ നിന്ന് ഡിജിറ്റൽ മീഡിയ ടെക്നോളജിയിൽ മികച്ച മാർക്കോടെ ബിരുദം നേടിയിട്ടും, 500ലധികം ജോലികൾക്ക് അപേക്ഷിച്ചിട്ടും ഒരൊറ്റ ഓഫർ പോലും ലഭിക്കാത്ത സാഹചര്യത്തിൽ “ഈ വ്യവസ്ഥിതി തകരാറിലാണെന്ന്” അദ്ദേഹം പറയുന്നു.
ട്യൂഷൻ ഫീസും ജീവിതച്ചെലവും ഉൾപ്പെടെ ഏകദേശം 1.04 കോടി രൂപ ചെലവഴിച്ചാണ് പഠനം പൂർത്തിയാക്കിയത്. എന്നാൽ 2025ൽ പഠനം കഴിഞ്ഞിട്ടും വെറും 20ൽ താഴെ ഇന്റർവ്യൂ കോളുകൾ മാത്രമാണ് ലഭിച്ചത്. താൻ പഠിച്ച വിഷയത്തിന് പുറമെ സെയിൽസ് പോലുള്ള മേഖലകളിൽ പോലും ജോലി തേടിയെങ്കിലും ഫലമുണ്ടായില്ല.
ഉദ്യോഗാർത്ഥികളുടെ എണ്ണം വർദ്ധിച്ചതും സാമ്പത്തിക ലാഭം നോക്കി കമ്പനികൾ പുതിയ ജീവനക്കാരെ എടുക്കാൻ മടിക്കുന്നതും വലിയ പ്രതിസന്ധിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. കോവിഡിന് ശേഷമുള്ള സാമ്പത്തിക ആഘാതവും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കടന്നുകയറ്റവുമാണ് കമ്പനികൾ നിയമനങ്ങൾ വെട്ടിക്കുറയ്ക്കാൻ പ്രധാന കാരണമായി അദ്ദേഹം പറയുന്നത്.
സൂപ്പർമാർക്കറ്റുകളിൽ ജോലി ലഭിക്കുന്നത് എളുപ്പമാണെങ്കിലും, താൻ ഇത്രയും പണം ചെലവഴിച്ച് നേടിയ ബിരുദത്തിന് അനുയോജ്യമായ ജോലി ലഭിക്കണമെന്നാണ് ഖാലിദിന്റെ ആഗ്രഹം. നിലവിൽ ഒരു ഫ്രീലാൻസ് വീഡിയോഗ്രാഫറായും ഫോട്ടോഗ്രാഫറായും പ്രവർത്തിക്കുന്ന ഖാലിദ്, ‘സൂക്ക്’ എന്ന പേരിൽ സ്വന്തമായി ഒരു വസ്ത്ര ബ്രാൻഡും ആരംഭിച്ചിട്ടുണ്ട്. ഇത്രയും വലിയ തുക മുടക്കി പഠിച്ചിട്ടും അർഹമായ ജോലി ലഭിക്കാത്ത സാഹചര്യം മാറണമെന്നും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടണമെന്നും ഖാലിദ് ഷെരീഫ് ആവശ്യപ്പെടുന്നു.
