ന്യൂയോർക്ക്: ഇന്ത്യയിൽനിന്നു മോഷ്ടിച്ചുകടത്തിയ 657 പുരാവസ്തുക്കൾ അമേരിക്ക ഔദ്യോഗികമായി ഇന്ത്യക്കു കൈമാറി.ഏകദേശം 140 കോടി രൂപ വിലമതിക്കുന്ന പുരാവസ്തുക്കൾ വിവിധ കാലഘട്ടങ്ങളിൽ മോഷ്ടിച്ചുകടത്തിയവയാണ്.ന്യൂയോർക്കിൽ നടന്ന ചടങ്ങിൽ മാൻഹട്ടൻ ഡിസ്ട്രിക്റ്റ് അറ്റോർണി ആൽവിൻ ബ്രാഗ് ആണ് പുരാവസ്തുക്കൾ കൈമാറിയത്. ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ പ്രതിനിധി രാജലക്ഷ്മി കദം പുരാവസ്തുക്കൾ ഏറ്റുവാങ്ങി.
ഏകദേശം 16 കോടിയിലധികം രൂപ വിലമതിക്കുന്ന അവലോകിതേശ്വര വെങ്കല വിഗ്രഹമാണ് കൈമാറിയതിൽ ഏറ്റവും വിലപിടിപ്പുള്ള പുരാവസ്തു. ഛത്തീസ്ഗഡ് സിപുരിലെ ദ്രോണാദിത്യ എന്ന ശില്പി നിർമിച്ചതാണിതെന്നു വിഗ്രഹത്തിലെ ലിഖിതങ്ങൾ വ്യക്തമാക്കുന്നു.1939-ൽ ലക്ഷ്മണ ക്ഷേത്രത്തിന് സമീപത്തുനിന്നു കണ്ടെത്തിയ ഇത് 1982-ൽ റായ്പുരിലെ മ്യൂസിയത്തിൽനിന്നു മോഷ്ടിക്കപ്പെട്ടതായിരുന്നു. 2025-ലാണ് അമേരിക്കൻ അധികൃതർ ഇതു പടിച്ചെടുത്തത്.
മധ്യപ്രദേശിലെ ക്ഷേത്രത്തിൽനിന്ന് 2000-ൽ മോഷ്ടിക്കപ്പെട്ട, നൃത്തം ചെയ്യുന്ന ഗണപതിവിഗ്രഹവും കൈമാറ്റം ചെയ്യപ്പെട്ടവയിൽ ഉൾപ്പെടുന്നു.
സാൻഡ് സ്റ്റോണിൽ നിർമിക്കപ്പെട്ട ഗണപതിവിഗ്രഹം പുരാവസ്തു കടത്തുകാരനായ സുഭാഷ് കപുറിന്റെ സംഘമാണു മോഷ്ടിച്ചത്. പിന്നീട് വ്യാജ രേഖകൾ ചമച്ച് ലേലത്തിലൂടെ സ്വകാര്യ വ്യക്തിക്കു വിൽക്കുകയായിരുന്നു.
ഏകദേശം 62 കോടി രൂപ വിലമതിക്കുന്ന റെഡ് സാൻഡ് സ്റ്റോണിൽ തീർത്ത അഭയമുദ്രയിലുള്ള ബുദ്ധപ്രതിമയും കൈമാറ്റം ചെയ്തവയിൽ ഉൾപ്പെടുന്നു. സുഭാഷ് കപുറിന്റെ ന്യൂയോർക്കിലെ സ്റ്റോറേജ് യൂണിറ്റിൽ നിന്നാണ് ഇത് പിടിച്ചെടുത്തത്.സുഭാഷ് കപുർ, നാൻസി വീനർ എന്നിവർ ഉൾപ്പെട്ട അന്താരാഷ്ട്ര കടത്തുസംഘങ്ങളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അമൂല്യവസ്തുക്കൾ പിടിച്ചെടുത്തത്.
സുഭാഷ് നിലവിൽ ഇന്ത്യയിൽ തടവുശിക്ഷ അനുഭവിക്കുകയാണ്. ഇയാളെ അമേരിക്കയ്ക്കു വിട്ടുകിട്ടാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
അമേരിക്കൻ ഹോംലാൻഡ് സെക്യൂരിറ്റി ഇൻവെസ്റ്റിഗേഷൻ വിഭാഗവും മാൻഹട്ടൻ ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫീസും ചേർന്ന് വർഷങ്ങളായി നടത്തിയ അന്വേഷണത്തിലൂടെ, 36 രാജ്യങ്ങളുടെ 5,900-ലേറെ പുരാവസ്തുക്കൾ ഇതുവരെ തിരികെ നൽകിയിട്ടുണ്ട്.
ഇന്ത്യയുടെ സാംസ്കാരിക പൈതൃകം വീണ്ടെടുക്കാൻ സഹായിച്ച അമേരിക്കൻ അന്വേഷണ ഏജൻസികൾക്ക് ഇന്ത്യൻ കോൺസൽ ജനറൽ ബിനായ പ്രധാൻ നന്ദി അറിയിച്ചു.
