കൊച്ചി: ബംഗളൂരുവിലെ കനത്ത മഴയില്‍ ആശുപത്രിയുടെ മതില് ഇടിഞ്ഞുവീണ് മരിച്ച കുടുംബശ്രീ അംഗങ്ങളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. വിനോദസഞ്ചാരത്തിനായി എത്തിയ എറണാകുളം രാമമംഗലം സ്വദേശികളായ ലത, സ്മിത എന്നിവരാണ് മരിച്ചത്.
മൃതദേഹവുമായി പുറപ്പെട്ട രണ്ട് ആംബുലന്‍സുകള്‍ ഉച്ചയോടെ എറണാകുളം രാമമംഗലത്ത് എത്തും. തുടര്‍ന്ന് പൊതുദര്‍ശനത്തിന് ശേഷം ഇരുവരുടെയും സംസ്കാരം നടക്കും.
മൂവാറ്റുപുഴയില്‍ അമൃതം പൊടി നിര്‍മിക്കുന്ന യൂണിറ്റിലെ ജീവനക്കാരാണ് ഇവര്‍. അപകടത്തില്‍ പരിക്കേറ്റ് മൂന്ന് കുടുംബശ്രീ അംഗങ്ങള്‍ ചികിത്സയില്‍ തുടരുകയാണ്. മരിച്ചവരുടെ കുടുംബത്തിന് അഞ്ചുലക്ഷം രൂപ കര്‍ണാടക സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
ഞെട്ടലോടെ രാമമംഗലം
പ്രിയപ്പെട്ടവരുടെ മരണവാര്‍ത്ത ഞെട്ടലോടെയാണ് രാമമംഗലം ഗ്രാമം കേട്ടത്. കുടുംബാംഗങ്ങളും ബന്ധുക്കളും ഇപ്പോഴും ഈ യാഥാര്‍ഥ്യവുമായി പൊരുത്തപ്പെടാനാകാത്ത അവസ്ഥയിലാണ്. ഇന്നലെ രാവിലെ ഒമ്പതിനാണ് നെടുമ്പാശേരിയില്‍ നിന്നും 56 അംഗ സംഘം ബംഗളൂരുവിലേക്ക് വിമാനത്തില്‍ യാത്ര തിരിച്ചത്.
എന്നാല്‍, വൈകുന്നേരമെത്തിയ അതിശക്തമായ മഴ ആദ്യ വിമാന യാത്രയുടെതടക്കമുള്ള സന്തോഷം ഇല്ലാതാക്കുകയായിരുന്നു. ശിവാജി നഗറിലെ ബൗറിംഗ് ആശുപത്രിയുടെ എട്ടടി ഉയരമുള്ള ചുറ്റുമതിലാണ് മഴയില്‍ തകര്‍ന്നു വീണത്. ബസ് സ്റ്റാന്‍ഡിനും മാര്‍ക്കറ്റിനും സമീപമുള്ള ഈ ഭാഗത്ത് മഴയില്‍നിന്ന് രക്ഷതേടി താത്കാലിക ഷെഡുകള്‍ക്ക് താഴെ നിന്നവരാണ് അപകടത്തില്‍പ്പെട്ടത്. മരിച്ച ഏഴുപേരില്‍ മൂന്ന് കുട്ടികളും ഉള്‍പ്പെടുന്നു.
