ഇടുക്കി: ഇടുക്കി ശങ്കരപാണ്ഡ്യമെട്ടിൽ ജഗൻ മോഹന്റെ ഭാര്യ ശാന്തിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് സ്ഥിരീകരിച്ച് പോലീസ്. സംഭവത്തിൽ ശാന്തിയുടെ ഭർത്താവിന്റെ സഹോദരി ഭർത്താവായ രാമകൃഷ്ണനെ ശാന്തൻപാറ പോലീസ് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ മേയ് 4-ാം തീയതി ഉച്ചയോടെ ശാന്തിയുടെ വീട്ടിൽ വെച്ചാണ് കൊലപാതകം നടന്നത്. രാമകൃഷ്ണനും ശാന്തിയും തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. തോർത്ത് ഉപയോഗിച്ച് കഴുത്ത് മുറുക്കി ശ്വാസം മുട്ടിച്ചാണ് ശാന്തിയെ കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാകുന്നു.
ആദ്യം സ്വാഭാവിക മരണമെന്നാണ് കരുതിയിരുന്നതെങ്കിലും ഇടുക്കി മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ കഴുത്തിലെ അസ്വാഭാവിക പാടുകൾ കണ്ടെത്തുകയായിരുന്നു. ഇതാണ് കേസിൽ വഴിത്തിരിവായത്.
കൊലപാതകം നടന്ന ദിവസം രാമകൃഷ്ണൻ വീട്ടിലെത്തിയിരുന്നതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതിന് പിന്നാലെ നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് പ്രതി പിടിയിലായത്. നിലവിൽ ഇയാൾ പോലീസ് കസ്റ്റഡിയിലാണ്.
