ദുബായ്: ഹോർമുസ് കടലിടുക്കിൽ അമേരിക്കൻ യുദ്ധക്കപ്പലുകൾക്കുനേരേ ഇറാൻ നടത്തിയ ആക്രമണത്തിനു പിന്നാലെ, കനത്ത തിരിച്ചടി നൽകുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പു നൽകി. നിലവിലെ ആക്രമണത്തേക്കാൾ പത്തിരട്ടി ശക്തമായിരിക്കും വരാനിരിക്കുന്ന പ്രതികരണമെന്ന് ട്രംപ് വ്യക്തമാക്കി. സംഭവത്തിൽ അമേരിക്കൻ കപ്പലുകൾക്കു നാശം സംഭവിച്ചിട്ടില്ലെന്നും ഇറാനു വലിയ നാശം നേരിട്ടതായും ട്രംപ് പറഞ്ഞു.
ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിന്റെ പ്രതികരണം. “മൂന്ന് നേവി കപ്പലുകൾ ഹോർമുസ് കടലിടുക്കിലൂടെ വിജയകരമായി കടന്നുപോയി. ആക്രമണം ഉണ്ടായെങ്കിലും കപ്പലുകൾ സുരക്ഷിതമാണ്. ഇറാൻ ഉടമ്പടിയിൽ ഒപ്പിടാൻ തയാറായില്ലെങ്കിൽ ഭാവിയിൽ ഇതിലും കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരും..,’ ട്രംപ് കുറിച്ചു.
അതേസമയം, അമേരിക്കയാണ് ആദ്യം ആക്രമണം നടത്തിയതെന്ന് ഇറാൻ ആരോപിച്ചു. ഏപ്രിൽ എട്ടിനു നിലവിൽ വന്ന വെടിനിർത്തൽ കരാർ അമേരിക്ക ലംഘിച്ചതായാണ് ഇറാന്റെ വാദം. ഇറാൻ എണ്ണക്കപ്പലിനുനേരെയും ഖേഷ്ം ദ്വീപിലെ സിവിൽ കേന്ദ്രങ്ങൾക്കുനേരെയും അമേരിക്ക വ്യോമാക്രമണം നടത്തിയെന്ന് ഇറാൻ സൈനിക കമാൻഡ് ആരോപിച്ചു.
തിരിച്ചടിയായി ചബഹാർ തുറമുഖത്തിനു സമീപമുള്ള അമേരിക്കൻ സൈനിക കപ്പലുകളെ ലക്ഷ്യമിട്ടതായും ഇറാൻ വ്യക്തമാക്കി. മേഖലയിൽ ആഴ്ചകളോളം നീണ്ടുനിന്ന സംഘർഷത്തിനു ശേഷം രൂപപ്പെട്ട വെടിനിർത്തൽ കരാർ ഇതോടെ വീണ്ടും പ്രതിസന്ധിയിലായി. ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിക്കപ്പെടാതെ തുടരുന്നതിനിടെയുണ്ടായ പുതിയ ഏറ്റുമുട്ടൽ വലിയ യുദ്ധഭീതി സൃഷ്ടിച്ചിട്ടുണ്ട്.
