തിരുവനന്തപുരം: സംസ്ഥാന മുഖ്യമന്ത്രിയാരാണെന്ന കാര്യത്തില്‍ ഇന്ന് ഹൈക്കമാന്‍ഡിന്റെ പ്രഖ്യാപനമുണ്ടായേക്കും. ഇത് സംബന്ധിച്ചുള്ള ചര്‍ച്ചകളും കൂടിയാലോചനകളും എഐസിസി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ നേതൃത്വത്തില്‍ ന്യൂഡല്‍ഹിയില്‍ പുരോഗമിക്കുകയാണ്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്, രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഉള്‍പ്പെടെയുള്ളവര്‍ ഡല്‍ഹിയിലുണ്ട്. ഇവരുമായി ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും ഒറ്റയ്ക്കൊറ്റക്ക് കൂടിക്കാഴ്ച നടത്തും.
നേതാക്കളുമായി സമവായം ഉണ്ടാക്കിയ ശേഷമായിരിക്കും അന്തിമ പ്രഖ്യാപനം ഉണ്ടാകുക. രാഹുല്‍ഗാന്ധി, പ്രിയങ്കാഗാന്ധി, സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി ഉള്‍പ്പെടെയുള്ള നേതാക്കളാണ് മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന ചര്‍ച്ചകളില്‍ പങ്കെടുക്കുന്നത്. ഹൈക്കമാന്‍ഡിന്റെ ഭാഗമായ കെ.സി. വേണുഗോപാല്‍ ചര്‍ച്ചകളില്‍ നിന്നു വിട്ടു നില്‍ക്കുകയാണ്. അദ്ദേഹത്തിന്റെ പേരുകൂടി പരിഗണിക്കുന്നതിനാലാണ് ചര്‍ച്ചകളുടെ ഭാഗമാകാതെ ഒഴിഞ്ഞുനില്‍ക്കുന്നത്. അതേസമയം കേരളത്തിലെ തെരുവുകളില്‍ നടക്കുന്ന പരസ്യ പ്രകടനങ്ങളിലും അവകാശവാദങ്ങളിലും ഹൈക്കമാന്‍ഡിന് കടുത്ത അതൃപ്തിയുണ്ട്.
ഈ അതൃപ്തി കേരളത്തിലെ നേതാക്കളോട് കടുത്ത ഭാഷയില്‍ ഹൈക്കമാന്‍ഡ് അറിയിച്ചിട്ടുണ്ട്. രമേശ് ചെന്നിത്തല, വി.ഡി.സതീശന്, കെ.സി. വേണുഗോപാല്‍ എന്നിവരില്‍ ഏറ്റവും കുടുതല്‍ എംഎല്‍എമാര്‍ പിന്തുണയ്ക്കുന്നത് കെ.സി. വേണുഗോപാലിനെയാണ്. 47 പേരുടെ പിന്തുണ കെ.സി. പക്ഷത്തിനും ഒന്‍പത് പേരുടെ പിന്തുണ രമേശ് ചെന്നിത്തലയ്ക്കും ഏഴ് പേരുടെ പിന്തുണ വി.ഡി. സതീശനുമുണ്ടെന്നാണ് കരുതപ്പെടുന്നത്.
ഭൂരിഭാഗം ഘടകകക്ഷികളുടെയും പിന്തുണയുണ്ടെന്ന പ്രതീക്ഷയിലാണ് സതീശന് പക്ഷം. സീനിയോറിറ്റിയും ഭരണപരിചയവും പൊതുസമ്മതിയുമുണ്ടെന്ന പ്രതീക്ഷയാണ് രമേശ് ചെന്നിത്തല വിഭാഗം പുലര്‍ത്തുന്നത്.കെ.സിക്ക് പത്ത് എംപിമാരുടെയും പിന്തുണയുണ്ടെന്നാണ് കെ.സി. വിഭാഗത്തിന്റെ അവകാശവാദം. കേന്ദ്രത്തിലും സംസ്ഥാനത്തുമുള്ള സ്വാധീനവും ഭരണപരിചയവും അനുഭവസമ്പത്തുമാണ് കെ.സി വിഭാഗം പുലര്‍ത്തുന്നത്.
സോണിയാഗാന്ധി മുതിര്‍ന്ന നേതാവ് എ.കെ. ആന്റണിയുമായി ടെലിഫോണില്‍ സംസാരിച്ചിരുന്നു. മുഖ്യമന്ത്രിയാരെന്ന കാര്യത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ് എംഎല്‍എമാരുടെ പിന്തുണ ഏത് നേതാവിനാണെന്ന കൂടിക്കാഴ്ച റിപ്പോര്‍ട്ട് എഐസിസി നിരീക്ഷകരായ അജയ് മാക്കനും മുകുള്‍ വാസ്നിക്കും മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് സമര്‍പ്പിച്ചിരുന്നു.
ഈ റിപ്പോര്‍ട്ടില്‍ മൂന്ന് നേതാക്കളെയും പിന്തുണച്ച എംഎല്‍എമാരുടെ പേരുവിവരങ്ങളും മൂന്ന് നേതാക്കള്‍ക്കും അനുകൂലവും പ്രതികൂലവുമായ ഘടകങ്ങള്‍ കോര്‍ത്തിണക്കിയുള്ള മറ്റൊരു റിപ്പോര്‍ട്ടും നിരീക്ഷകര്‍ സമര്‍പ്പിച്ചിരുന്നു. കൂടാതെ നിരീക്ഷകര്‍ കേരളത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കവെ വി.ഡി. സതീശന് അനുകൂലമായി നടത്തിയ പരസ്യ പ്രകടനത്തിനെതിരെയുള്ള റിപ്പോര്‍ട്ടും സമര്‍പ്പിച്ചിരുന്നു.
- എം.സുരേഷ്ബാബു
