ഓണ്‍ ലൈന്‍ വഴി മാട്രസ് ഓര്‍ഡര്‍ ചെയ്യുന്ന ഉപഭോക്താക്കളില്‍ നിന്ന് തട്ടിപ്പു സംഘം തട്ടിയെടുത്തത് 17 ലക്ഷം രൂപ. ഇത്തരത്തില്‍ 17 കേസുകളാണ് കേരളത്തിലെ വിവിധ സൈബര്‍ പോലീസ് സ്റ്റേഷനുകളില്‍ റിപ്പോര്‍ട്ട് ചെയ്തത്. പാലക്കാട് മൂന്നു കേസുകളും കോഴിക്കോട് രണ്ട് കേസുകളും റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരം ഒഴികെയുള്ള ജില്ലകളില്‍ നിന്നുള്ളവര്‍ തട്ടിപ്പിന് ഇരയായി.
മാട്രസ് കമ്പനികളുടെ പേരില്‍ വ്യാജ കസ്റ്റമര്‍ കെയര്‍ പ്രതിനിധികളായി ചമഞ്ഞാണ് തട്ടിപ്പുകാര്‍ ആളുകളെ സമീപിക്കുന്നത്. പ്രമുഖ ഷോപ്പിംഗ് സൈറ്റുകള്‍ വഴിയും മറ്റും സാധനങ്ങള്‍ വാങ്ങുന്നവരെ ഫോണ്‍ കോളുകള്‍, വാട്സ്ആപ്പ് സന്ദേശങ്ങള്‍ എന്നിവ വഴി ബന്ധപ്പെട്ടാണ് ഇവര്‍ ഈ പുതിയ സൈബര്‍ തട്ടിപ്പ് നടത്തുന്നത്.
ഓര്‍ഡര്‍ ചെയ്തതിന് പിന്നാലെ, പേയ്മെന്റ് പരാജയപ്പെട്ടു, പണം റീഫണ്ട് ചെയ്യാനുണ്ട് അല്ലെങ്കില്‍ ഓര്‍ഡര്‍ സ്ഥിരീകരിക്കുന്നതില്‍ പ്രശ്നമുണ്ട് തുടങ്ങിയ വ്യാജ വിവരങ്ങള്‍ ഉപഭോക്താവിന് നല്‍കും. ഉടന്‍ പണമടച്ചാല്‍ മാത്രമേ ഡെലിവറി ലഭിക്കൂ എന്ന് പറഞ്ഞ് അടിയന്തര സമ്മര്‍ദം ചെലുത്തി ഉപഭോക്താക്കളെ വീണ്ടും പണമയയ്ക്കാന്‍ ഇവര്‍ പ്രേരിപ്പിക്കുന്നു. തുടര്‍ന്ന് ക്യു.ആര് കോഡ്, യു.പി.ഐ അല്ലെങ്കില്‍ ബാങ്ക് ട്രാന്‍സ്ഫര്‍ വഴി പണം കൈക്കലാക്കി തട്ടിപ്പുകാര്‍ മുങ്ങുകയാണ് പതിവ്.
വിശ്വാസ്യത ഉറപ്പാക്കണം
ഓണ്‍ലൈന്‍ ഓര്‍ഡറുകളുമായി ബന്ധപ്പെട്ട് വരുന്ന കോളുകളുടെയും സന്ദേശങ്ങളുടെയും വിശ്വാസ്യത ഉറപ്പാക്കണമെന്ന് സൈബര്‍ െ്രെകം പോലീസ് മുന്നറിയിപ്പ് നല്കി.
- കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്ന് മാത്രം ശേഖരിക്കുക.
- പേയ്മെന്റ് പരാജയപ്പെട്ടു, പണം റീഫണ്ട് ചെയ്യാനുണ്ട് തുടങ്ങിയ പേരില്‍ ആവശ്യപ്പെടുന്ന ക്യൂആര്‍ കോഡ്/ യുപിഐ പേയ്മെന്റുകള്‍ ഒഴിവാക്കുക
- വാട്സ് ആപ്പ് വഴി ലഭിക്കുന്ന കസ്റ്റമര്‍ സപ്പോര്‍ട്ട് സന്ദേശങ്ങളില്‍ ജാഗ്രത പാലിക്കുക
- ബാങ്ക് വിവരങ്ങള്‍, ഒ.ടി.പി , സ്ക്രീന്‍ ഷെയറിംഗ് എന്നിവ ഒരിക്കലും അപരിചിതരുമായി പങ്കുവെക്കരുത്.
- അടിയന്തര സമ്മര്‍ദം സൃഷ്ടിക്കുന്ന കോളുകള്‍ വിശ്വസിക്കരുത്
- സൈബര്‍ സാമ്പത്തിക തട്ടിപ്പിനിരയായാല്‍ 1930 എന്ന സൈബര്‍ ഹെല്പ്പ്ലൈന് നമ്പറിലോ www.cybercrime.gov.in എന്ന ദേശീയ സൈബര്‍ ക്രൈം പോര്‍ട്ടലിലോ പരാതി നല്‍കണമെന്നും പോലീസ് അറിയിച്ചു.
സീമ മോഹന്‍ലാല്‍
