ബ്രിട്ടനിലെ സൗത്ത് കേംബ്രിഡ്ജ് ഷെയര്‍ ഡിസ്ട്രിക്റ്റ് കൗണ്‍സിലിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മലയാളിക്ക് ചരിത്ര വിജയം. പാലാരിവട്ടം സ്വദേശിയായ ജിയോ സെബാസ്റ്റ്യനാണ് ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രതിനിധിയായി ഹിസ്റ്റണ് ആന്‍ഡ് ഇംപിംഗ്ടണ് വാര്‍ഡില്‍ നിന്ന് വന്‍ ഭൂരിപക്ഷത്തില്‍ തെരഞ്ഞെടുക്കപ്പെട്ടത്. ഈ കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യന്‍ വംശജന് കൂടിയാണ് ജിയോ.
കാലടി ശ്രീ ശങ്കര കോളജിലെ പഠനത്തിന് ശേഷം ഗുല്‍ബര്‍ഗയില്‍ നിന്ന് നിയമബിരുദം നേടിയ ജിയോ, 2002ലാണ് യുകെയിലെ കേംബ്രിഡ്ജില്‍ എത്തിയത്. ആരോഗ്യമേഖലയിലും യുകെ പ്രിസണ്‍ സര്‍വീസിലും പ്രവര്‍ത്തിക്കുന്ന അദ്ദേഹം മികച്ച ഒരു സാമൂഹിക പ്രവര്ത്തകന് കൂടിയാണ്. സോഷ്യല്‍ മീഡിയയിലൂടെ അദ്ദേഹം നല്കുന്ന സൗജന്യ ഇംഗ്ലീഷ് ക്ലാസുകള്‍ക്ക് വലിയ സ്വീകാര്യതയാണുള്ളത്.
ആരോഗ്യ മേഖല, പരിസ്ഥിതി സംരക്ഷണം എന്നീ വിഷയങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കൗണ്‍സിലര്‍ എന്ന നിലയില്‍ ജിയോ ലക്ഷ്യമിടുന്നത്. ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഡൈവേഴ്സിറ്റി ഹെഡ് കൂടിയായ അദ്ദേഹം ഭാവിയില്‍ യുകെ പാര്‍ലമെന്റിലേക്ക് മത്സരിക്കാനുള്ള തയാറെടുപ്പിലുമാണ്. ചാലക്കുടി സ്വദേശിയും കേംബ്രിഡ്ജില്‍ ശാസ്ത്രജ്ഞയുമായ ലെറിന്‍ ജിയോ ആണ് ഭാര്യ. രണ്ട് കുട്ടികളുണ്ട്.
