പരവൂർ: പ്രൈമറി തലത്തിൽ രാജ്യം സാർവത്രിക പ്രവേശനം നേടിയെങ്കിലും സ്കൂൾ വിദ്യാഭ്യാസ രംഗം അതീവ ഗുരുതരമായ ഘടനാപരമായ പ്രതിസന്ധികളെ നേരിടുകയാണെന്ന് നിതി ആയോഗിന്റെ ഏറ്റവും പുതിയ റിപ്പോർട്ട്.
ഇന്ത്യയിലെ സ്കൂൾ വിദ്യാഭ്യാസ സംവിധാനം: ഗുണനിലവാര വർധനക്കുള്ള വിശകലനവും നയ രൂപരേഖയും എന്ന പേരിൽ പുറത്തിറക്കിയ റിപ്പോർട്ടിലാണ് രാജ്യത്തെ സ്കൂൾ വിദ്യാഭ്യാസത്തിന്റെ ദയനീയ ചിത്രം വെളിപ്പെടുത്തുന്നത്. ഒരു ലക്ഷത്തിലധികം ഏകാധ്യാപക സ്കൂളുകൾ, കനത്ത അധ്യാപക ക്ഷാമം, പത്താം ക്ലാസിന് ശേഷമുള്ള വലിയ തോതിലുള്ള കൊഴിഞ്ഞുപോക്ക് എന്നിവയാണ് റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകൾ.
രാജ്യത്തെ 14.71 ലക്ഷം സ്കൂളുകളിലായി 24.69 കോടി വിദ്യാർഥികൾ പഠിക്കുന്നുണ്ടെങ്കിലും സ്കൂളുകളുടെ വിഘടിച്ച ഘടന വലിയ ആശങ്കയുണ്ടാക്കുന്നു. ആകെ സ്കൂളുകളുടെ ഏഴ് ശതമാനത്തിലധികം (ഏകദേശം 1.04 ലക്ഷം സ്കൂളുകൾ) വെറും ഒരു അധ്യാപകൻ മാത്രമായാണ് പ്രവർത്തിക്കുന്നത്.
ഈ അധ്യാപകർ ഒരേസമയം ഒന്നിലധികം ഗ്രേഡുകൾ പഠിപ്പിക്കേണ്ടി വരുന്നതിനൊപ്പം ഭരണപരമായ ജോലികളും ഉച്ചഭക്ഷണ പദ്ധതിയും നോക്കി നടത്തേണ്ടി വരുന്നു. കൂടാതെ, അധ്യാപകരുടെ 14 ശതമാനം പ്രവൃത്തിദിവസങ്ങളും തെരഞ്ഞെടുപ്പ്, സർവേ തുടങ്ങിയ അനധ്യാപക ജോലികൾക്കായി നഷ്ടപ്പെടുന്നുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ബിഹാറിൽ മാത്രം പ്രൈമറി തലത്തിൽ രണ്ട് ലക്ഷത്തിലധികം അധ്യാപക തസ്തികകൾ ഒഴിവുണ്ട്.
ഹയർ സെക്കൻഡറി തലത്തിൽ (പ്ലസ് ടു) പ്രവേശന നിരക്ക് ദേശീയതലത്തിൽ വെറും 58.4 ശതമാനം മാത്രമാണ്. പത്താം ക്ലാസിന് ശേഷം സാമ്പത്തികവും സാമൂഹികവുമായ കാരണങ്ങളാൽ കുട്ടികൾ പഠനം ഉപേക്ഷിക്കുന്നത് വലിയ ബലഹീനതയായി തുടരുന്നു. പ്രൈമറി തലത്തിൽ 0.3 ശതമാനം മാത്രമുള്ള കൊഴിഞ്ഞുപോക്ക് സെക്കൻഡറി തലത്തിലേക്ക് എത്തുമ്പോൾ 11.5 ശതമാനമായി ഉയരുന്നുണ്ട്. സ്വകാര്യ സ്കൂളുകളിലെ പഠനനിലവാരവും തൃപ്തികരമല്ലെന്നാണ് നിതി ആയോഗിന്റെ വിലയിരുത്തൽ.
കുറഞ്ഞ ഫീസ് വാങ്ങുന്ന സ്വകാര്യ സ്കൂളുകളിൽ അഞ്ചാം ക്ലാസിൽ പഠിക്കുന്ന 35 ശതമാനം കുട്ടികൾക്കും രണ്ടാം ക്ലാസിലെ പാഠപുസ്തകം വായിക്കാൻ കഴിയുന്നില്ലെന്നും 60 ശതമാനം കുട്ടികൾക്കും ഹരണം പോലെയുള്ള ലളിതമായ ഗണിത പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കുന്നില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
നിലവിലെ പിരമിഡ് ആകൃതിയുള്ള സ്കൂൾ ഘടന (താഴെ ക്ലാസുകളിൽ കൂടുതൽ സ്കൂളുകളും ഉയർന്ന ക്ലാസുകളിൽ കുറവ് സ്കൂളുകളും) മാറ്റി ഒന്നു മുതൽ 12 വരെ ക്ലാസുകൾ തുടർച്ചയായി ലഭിക്കുന്ന സിലിണ്ടർ മാതൃകയിലുള്ള കോമ്പോസിറ്റ് സ്കൂളുകൾ ആരംഭിക്കണമെന്ന് നിതി ആയോഗ് ശുപാർശ ചെയ്യുന്നു.
പ്രധാന നിർദേശങ്ങൾ ഇവയാണ്:
പാഠപുസ്തകങ്ങൾ തീർക്കുന്നതിന് പകരം ഓരോ കുട്ടിയുടെയും യഥാർഥ പഠന നിലവാരത്തിനനുസരിച്ചുള്ള ബോധനരീതി സ്വീകരിക്കുക.അപ്പർ പ്രൈമറി തലം മുതൽ കൃത്രിമബുദ്ധി (എഐ) ക്ലാസ് മുറികളിൽ ഉപയോഗിക്കണം. എന്നാൽ ഇത് അധ്യാപകർക്ക് പകരമാകാതെ സഹായ സംവിധാനമായിരിക്കണം.
അധ്യാപകരുടെ വിഷയ പരിജ്ഞാനം വർധിപ്പിക്കാൻ പ്രത്യേക പരിശീലനം നൽകണം. സിടിഇടി പരീക്ഷകളിൽ വിജയിക്കുന്നവരുടെ ശരാശരി 10-15 ശതമാനം മാത്രമാണെന്നത് ഗൗരവത്തോടെ കാണണം. ഇനി ഭാഗികമായ മാറ്റങ്ങൾ കൊണ്ട് കാര്യമില്ലെന്നും പുതിയ ഇന്ത്യയുടെ അഭിലാഷങ്ങൾക്കനുസരിച്ച് വിദ്യാഭ്യാസ മേഖലയിൽ സമ്പൂർണ പരിവർത്തനം ആവശ്യമാണെന്നും നിതി ആയോഗ് റിപ്പോർട്ട് അടിവരയിടുന്നു.
