മേലുകാവ്: വ്യത്യസ്തനാമൊരു ബാര്‍ബറാം ബാലനെ സത്യത്തില്‍ ആരും തിരിച്ചറിഞ്ഞില്ല സൂപ്പർ ഹിറ്റ് ഗാനമുൾപ്പെട്ട ‘കഥ പറയുമ്പോള്‍ ’- എന്ന ശ്രീനിവാസന് സിനിമയുടെ ഷൂട്ടിംഗ് മേലുകാവിലായിരുന്നു. സിനിമയ്ക്കൊപ്പം മേലുകാവ് എന്ന ഗ്രാമവും പ്രശസ്തമായി. ഇപ്പോൾ വീണ്ടും മേലുകാവ് ഗ്രാമം ശ്രദ്ധപിടിച്ചുപറ്റിയിരിക്കുകയാണ്.
മികച്ച റോഡുകളും ശീതീകരിച്ച അങ്കണവാടിയും ആധുനിക സൗകര്യങ്ങളോടുകൂടിയ ആരോഗ്യകേന്ദ്രം, ആധുനിക ബസ് കാത്തിരിപ്പ് കേന്ദ്രം തുടങ്ങിയ വ്യത്യസ്തമായ വികസന പ്രവര്‍ത്തനങ്ങളിലൂടെ മാതൃക കാട്ടിയ മേലുകാവ് പഞ്ചായത്തിനെ ഇപ്പോള്‍ എല്ലാവരും സത്യത്തിൽ തിരിച്ചറിഞ്ഞിരിക്കുകയാണ്.
അടിസ്ഥാന സൗകര്യങ്ങളുടെ വികസനം ഉള്‍പ്പെടെ മാതൃകയായ പ്രവര്‍ത്തനങ്ങളിലൂടെ രാജ്യത്തെ മികച്ച പഞ്ചായത്തിനുള്ള അഗീകാരമായ ഒരു കോടി രൂപയാണ് പഞ്ചായത്തിനെ തേടിയെത്തിയിരിക്കുന്നത്. ഇലവീഴാപൂഞ്ചിറയിലേക്കുള്ള റോഡുകളും പൂഞ്ചിറയിലെ ജലസംഭരണിയും ശീതീകരിച്ച കൈലാസം അങ്കണവാടി, ആധുനിക സൗകര്യങ്ങളോടുകൂടി മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഇടമറുക് ആരോഗ്യകേന്ദ്രം, ഗവ. ആയുര്‍വേദ ആശുപത്രി, ആധുനികരീതിയിലെ ബസ് കാത്തിരിപ്പ് കേന്ദ്രം, ഇടമറുക് വായനശാല, ജില്ലയിലെ ഏറ്റവും വലിയ എംസിഎഫ്, മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഹരിതകര്‍മ സേന, കോണിപ്പാട് ഗവ. എല്‍പി സ്കൂള്‍ എന്നിങ്ങനെയുള്ള വികസനവും പരിപാലനവുമാണ് അംഗീകാരത്തിന് മേലുകാവിനെ അര്‍ഹമാക്കിയത്.
മലയോര മേഖലയായ മേലുകാവിലെ അടിസ്ഥാന സൗകര്യങ്ങളിലെ സ്വയം പര്യാപ്തതയും പുരസ്കാരത്തിന് അര്‍ഹമാക്കി. ജില്ലയിലെ പ്രാധാന വിനോദസഞ്ചാരകേന്ദ്രമായ ഇലവീഴാപൂഞ്ചിറയിലേക്കുള്ള റോഡിന്റെ വികസനത്തോടുകൂടി പഞ്ചായത്തിന് വലിയ വികസനമാണെത്തിയത്. 5.5 കിലോമീറ്റര്‍ 11.19 കോടി വിനിയോഗിച്ചാണ് റോഡ് അന്താരാഷ്ട്ര നിലവാരത്തിലെത്തിച്ചത്. പഞ്ചായത്തിലെ 30 കിലോമീറ്ററോളം റോഡുകളും ഉയര്‍ന്ന നിലവാരത്തിലും ഗ്രാമീണ റോഡുകള്‍ മികച്ച നിലയിലുമാണ്.
ജില്ലയിലെ ഏറ്റവും വലിയ എംസിഎഫാണ് മേലുകാവ് വടക്കുംമേടിലുള്ളത്. മൂന്നു നിലകളിലായി പ്രവര്‍ത്തിക്കുന്ന എംസിഎഫില്‍ പ്ലാസ്റ്റിക് തരം തിരിച്ച് ബെയ്ലിംഗ് ഉപകരണത്തലൂടെ കെട്ടുകളാക്കിയാണ് ക്ലീന്‍ കേരളക്ക് കൈമാറുന്നത്.2020 മുതല്‍ കൈലാസം അങ്കണവാടി ശീതീകരിച്ചതാണ്. അഞ്ച് ലക്ഷം രൂപ പഞ്ചായത്ത് ഫണ്ടുപയോഗിച്ചാണ് ആധുനീകരിച്ചത്. ടിവി, മികച്ച ഇരിപ്പിടങ്ങള്‍, കളിക്കോപ്പുകള്‍ ഹാള്‍, ചുറ്റുമതില്‍ എന്നിവ അങ്കണവാടിയിലുണ്ട്.
10 ലക്ഷം വിനിയോഗിച്ചാണ് ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മിച്ചത്. ഇവിടെ മികച്ച ഇരിപ്പിടങ്ങള്‍, ഫാന്‍, ലൈറ്റ്, ഫോണ്‍ ചാര്‍ജര്‍ എന്നിവയുണ്ട്.
7,000 പുസ്തകങ്ങളുമായി മികച്ച രീതിയില്‍ വായനശാല പ്രവര്‍ത്തിക്കുന്നു. വനിതകള്‍ക്കായി ഫിറ്റ്നസ് സെന്റര്‍, ജീവിതശൈലീ രോഗങ്ങള്‍ നിയന്ത്രിക്കാന്‍ സുംബാ ഡാന്‍ഡ് എന്നിവയും വായനശാലയില്‍ ഒരുക്കിയിട്ടുണ്ട്. മികച്ച കെട്ടിടവും സീലിംഗിട്ട മേല്‍ക്കൂരയും ടൈലിട്ട തറയും ശുചിത്വമുള്ള ക്ലാസ് മുറികളും ശൗചാലയവുമാണ് കോണിപ്പാട് ഗവ. എല്‍പി സ്കൂളില്‍ ഒരുക്കിയിരിക്കുന്നത്.
പഞ്ചായത്തിന് ദേശീയ അംഗീകാരം ലഭിച്ചതില്‍ അഭിമാനമുണ്ടെന്നും. ഈ നേട്ടം മുന്‍ ഭരണസമിതി അംഗങ്ങളുടെയും ഉദ്യോഗസ്ഥരുടെയും ശ്രമഫലമായാണെന്നും പഞ്ചായത്ത് പ്രസിഡന്റ് ബിന്‍സി ടോമി പറഞ്ഞു. കഴിഞ്ഞ മൂന്ന് ഭരണസമിതി അംഗങ്ങളുടെയും പൊതുപ്രവര്‍ത്തകരുടെയും ശ്രമമാണ് അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിന് കാരണമായതെന്ന് പഞ്ചായത്തംഗം ജെറ്റോ ജോസ് പറഞ്ഞു.
