രാമങ്കരി: കോടികൾ മുടക്കി നവീകരിച്ച എസി റോഡിൽ വാഹനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് എസി കനാലിനോട് ചേർന്ന് നിർമിച്ച സംരക്ഷണ ഭിത്തിയുടെ ഒരുഭാഗം തകർന്നനിലയിൽ. മാന്പുഴക്കരി കോരവളവ് ജംഗ്ഷനിലെ ബിവിറേജസ് ഔട്ട് ല്ലെറ്റിന് എതിർവശത്തായി നിർമിച്ച ഭിത്തിയാണ് തകർന്ന നിലയിൽ കാണപ്പെടുന്നത്.
ഏതെങ്കിലും അപകടത്തിന്റെ ഭാഗമായി സംഭവിച്ചതാണോ ഇതെന്ന കാര്യത്തിൽ ആർക്കും ഉറപ്പില്ല. റോഡിന്റെ സുരക്ഷയുൾപ്പെടെയുള്ള കാര്യങ്ങളിൽ അതിന്റെ ഉത്തരവാദിത്വം ഇപ്പോൾ കെഎസ് ടി പിയിൽ നിക്ഷിപ്തമാണെന്നാണ് അറിയുന്നത്.രാത്രിയെന്നോ പകലെന്നോ ഭേദമില്ലാതെ നൂറ് കണക്കിന് വാഹനങ്ങൾ ചീറിപ്പാഞ്ഞു പോകുന്ന ഇവിടെ ദിശ തെറ്റി നിരവധി വാഹനങ്ങൾ കനാലിൽ പതിച്ച സംഭവങ്ങൾ മുന്പ് ഉണ്ടായിട്ടുണ്ട്.
ഇത് കണക്കിലെടുത്താണ് നവീകരണ ജോലികൾ പൂർത്തിയായ ശേഷം കനാലിനോട് ചേർന്ന് സുരക്ഷാഭിത്തി ഒരുക്കുവാനായി അധികൃതർ തയാറായത്. അതിന്റെ ചെറിയൊരുഭാഗമാണ് ഇപ്പോൾ തകർന്ന നിലിയിൽ കാണപ്പെടുന്നത്. തകർന്ന ഭിത്തി പുനർനിർമിക്കുവാനും യാത്രക്കാർക്ക് ആവശ്യമായ സുരക്ഷ ഒരുക്കുവാനും അധികൃതർ തയാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
അല്ലാത്ത പക്ഷം രാത്രി ഈ ഭാഗത്ത് ഏതെങ്കിലും തരത്തിലുള്ള അപകടം ഉണ്ടായാൽ വാഹനമുൾപ്പെടെ കനാലിൽ പതിക്കാനും പിന്നീട് അത് വലിയ ദുരന്തമായി മാറുവാനുമുള്ള സാധ്യത ഏറെയാണ്. വർഷങ്ങൾക്ക് മുന്പ് പാറയ്ക്കൽ കലുങ്ക്, കിടങ്ങറ ഒന്നാം പാലം എന്നിവിടങ്ങളിൽ കെ എസ്ആർടിസി ഉൾപ്പെടെയുള്ള വാഹനങ്ങൾ കനാലിൽ പതിച്ചതും പിന്നീട് അത് വൻ ദുരന്തങ്ങളിൽ ഒന്നായി മാറിയതും ജനം ഇന്നും ഞെട്ടലോടെയാണ് ഓർക്കുന്നത്.
