ഏഷ്യൻ യാത്രയ്ക്കിടെ ലാവോസിൽ നിന്ന് കംബോഡിയയിലേക്ക് പോകാൻ ശ്രമിച്ച ഇന്ത്യൻ സോളോ ട്രാവലർക്ക് നേരിടേണ്ടി വന്നത് കടുത്ത മാനസിക വിഷമമെന്ന് പരാതി. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെ യാത്രികയായ അന്നപൂർണ്ണയാണ് തനിക്ക് നേരിടേണ്ടി വന്ന ദുരിതപൂർണമായ അനുഭവത്തെകുറിച്ച് വെളിപ്പെടുത്തിയത്.
ലാവോസിലെ ലുവാങ് പ്രബാംഗിൽ നിന്ന് കംബോഡിയയിലേക്കുള്ള വിമാനത്തിൽ കയറുന്നതിന് തൊട്ടുമുമ്പ്, 400 യുഎസ് ഡോളർ പണമായി കൈവശം ഇല്ലെന്ന് കാട്ടി ഉദ്യോഗസ്ഥർ യാത്ര തടയാൻ ശ്രമിച്ചതായാണ് യുവതിയുടെ
പരാതി. ബാങ്ക് സ്റ്റേറ്റ്മെന്റുകളും, തന്റെ യാത്രാ ചരിത്രവും, രണ്ടാഴ്ച മുമ്പ് യാതൊരു പ്രശ്നവുമില്ലാതെ കംബോഡിയയിൽ പ്രവേശിച്ചതിന്റെ രേഖകളും കാണിച്ചിട്ടും അധികൃതർ വഴങ്ങിയില്ലെന്ന് അന്നപൂർണ്ണ പറയുന്നു.
നേരത്തെ ബാങ്കോക്കിൽ നിന്ന് സീം റീപ്പിലേക്ക് പറന്നപ്പോൾ വിസ ഓൺ അറൈവൽ ഫീസ് കാർഡ് വഴി അടക്കാൻ സാധിച്ചിരുന്നു. എന്നാൽ ഇത്തവണ പണം തന്നെ വേണമെന്ന നിർബന്ധത്തിലായിരുന്നു എയർലൈൻ ജീവനക്കാർ. മറ്റ് രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികൾക്ക് ലഭിക്കുന്ന പരിഗണനയോ ബഹുമാനമോ ഇന്ത്യൻ സഞ്ചാരികൾക്ക് ലഭിക്കുന്നില്ലെന്നും, ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഇന്ത്യക്കാരെ അമിതമായി ചാർജ് ഈടാക്കി കബളിപ്പിക്കാറുണ്ടെന്നും ഇവർ വീഡിയോയിൽ ആരോപിച്ചു.
സംഭവം വിവാദമായതോടെ പിന്നീട് നൽകിയ വിശദീകരണത്തിൽ, ഈ ബുദ്ധിമുട്ടുകൾക്ക് കാരണം ഇമിഗ്രേഷൻ വിഭാഗമല്ലെന്നും വിയറ്റ്നാം എയർലൈൻസ് ജീവനക്കാരാണെന്നും അന്നപൂർണ്ണ വ്യക്തമാക്കി. പണം കൈവശം വെക്കണമെന്നത് ഔദ്യോഗിക നിയമമാണെങ്കിൽ അത് വ്യക്തമാക്കണമെന്നും, കൃത്യമായ രേഖകൾ കാണിക്കാതെ അനൗദ്യോഗിക സന്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ജീവനക്കാർ തന്നെ തടഞ്ഞതെന്നും അന്നപൂർണ ആരോപിച്ചു.
വിയറ്റ്നാം എയർലൈൻസിനെ ടാഗ് ചെയ്തുകൊണ്ടാണ് താരം തന്റെ പ്രതിഷേധം അറിയിച്ചത്. ഇന്ത്യൻ പാസ്പോർട്ട് ഉടമകൾ വിദേശരാജ്യങ്ങളിൽ നേരിടുന്ന വിവേചനത്തെക്കുറിച്ചുള്ള വലിയ ചർച്ചകൾക്കാണ് അന്നപൂർണ്ണയുടെ വീഡിയോ വഴിയൊരുക്കിയിരിക്കുന്നത്.
