കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ കിഴക്കെ കവാടത്തിൽ വാഹനങ്ങളെയും കാൽനടയാത്രക്കാരെയും വീഴ്ത്തിയിരുന്ന കള്ളക്കുഴി ഒടുവിൽ റെയിൽവേ അടച്ചു. റെയിൽവേ സ്റ്റേഷൻ കോന്പൗണ്ടിൽ കന്നു കാലികൾ കയറാതിരിക്കാൻ റോഡിൽ ഇരുന്പ് പൈപ്പുകൾ ഉപയോഗിച്ച് സ്ഥാപിച്ച കൗ ഗാർഡിന്റെ പൈപ്പുകൾ തകർന്നതായിരുന്നു അപകട കുഴിയായി മാറിയത്.
ഇതു സംബന്ധിച്ച് രാഷ്ട്ര ദീപിക റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് റെയിൽവേ പരിഹാര നടപടികൾ സ്വീകരിച്ചത്. ഇരുന്പ് പൈപ്പുകൾക്കു പകരം മേൽക്കൂര ഉൾപ്പടെയുള്ളവയുടെ നിർമാണത്തിന് ഉപയോഗിക്കുന്ന ചതുരത്തിലുള്ള പഴയ ഇരുന്പ് കഷ്ണങ്ങൾ വെൽഡ് ചെയ്തു വച്ചാണ് അപകടകുഴി ഒഴിവാക്കിയത്.
കൃത്യമായ നീളത്തിലുള്ള ഇരുന്പു കഷ്ണങ്ങൾക്കു പകരം വലുതും ചെറുതുമായ കഷ്ണങ്ങൾ വെൽഡ് ചെയ്താണ് നീളം ഒപ്പിച്ചു വച്ചിരിക്കുന്നത്. വാഹനങ്ങൾ കയറിയിറങ്ങുന്പോൾ ഇതിലെ വെൽഡ് ചെയ്ത ഭാഗം പൊട്ടാൻ സാധ്യതയുണ്ടെന്നാണ് ഓട്ടോ ഡ്രൈവർമാർ ഉൾപ്പടെയുള്ളവർ ചൂണ്ടിക്കാട്ടുന്നത്.
