പയ്യന്നൂർ: വീട്ടിൽ അതിക്രമിച്ചു കയറിയ ഭർത്താവ് ഭാര്യയെയും ഭാര്യാ മാതാവിനെയും പെട്രോളൊഴിച്ച് തീകൊളുത്തി. ഇന്നലെ രാത്രി പത്തോടെ കൂക്കാനം മുത്തപ്പൻ ക്ഷേത്രത്തിനു സമീപത്തെ വി.വി. പ്രഭാകരന്റെ വീട്ടിലാണ് അതിക്രമം നടന്നത്. പ്രഭാകരന്റെ മകൾ പ്രജിഷ, ഭാര്യ പദ്മിനി എന്നിവർക്കു നേരേയാണ് വധശ്രമം ഉണ്ടായത്.
പ്രജിഷയുടെ ഭർത്താവ് സ്വാമിമുക്കിലെ സനലാണ് പെട്രോളുമായി ഭാര്യവീട്ടിലെത്തി ഇരുവരെയും തീകൊളുത്തി കൊല്ലാൻ ശ്രമിച്ചത്. പൊള്ളലേറ്റ ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിനിടെ സംഭവസ്ഥലത്ത് വച്ച് പെട്രോൾ ഒഴിച്ച് ആത്മത്യക്ക് ശ്രമിച്ചതിനെ തുടർന്ന് സനലിനും ഗുരുതരമായി പൊള്ളലേറ്റു. ഇയാളെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
ഉച്ചത്തിലുള്ള നിലവിളി കേട്ട് സമീപത്തുള്ളവർ സ്ഥലത്തെത്തിയെങ്കിലും ആളിക്കത്തുന്ന തീ കാരണം അടുത്തേക്കുപോയി രക്ഷാപ്രവർത്തനം നടത്താനാകാത്ത അവസ്ഥയായിരുന്നു. തീയണച്ച ഉടൻ അമ്മയെയും മകളെയും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. ഇരുവർക്കും നാൽപതു ശതമാനത്തോളം പൊള്ളലേറ്റതായാണ് വിവരം.
സനലിന് 80 ശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ട്. പ്രഭാകരൻ നൽകിയ പരാതിയിൽ സനിലിനെതിരെ പയ്യന്നൂർ പോലീസ് കേസെടുത്തു.സനലിൽ നിന്ന് വിവാഹമോചനമാവശ്യപ്പെട്ട് പ്രജിഷ കേസ് കൊടുത്ത വിരോധമാണ് കൊലപാതക ശ്രമത്തിനു കാരണമെന്നാണു പരാതിയിൽ പറയുന്നത്.
