തൃശൂർ: സംസ്ഥാനത്ത് ഒരിടവേളയ്ക്കുശേഷം പച്ചക്കറിവിപണിയിൽ വീണ്ടും പൊള്ളുന്ന വിലക്കയറ്റം. തമിഴ്നാട്ടിലും കർണാടകയിലും മഴകുറഞ്ഞതും കടുത്ത ചൂടിനെത്തുടർന്ന് ഉത്പാദനം ഇടിഞ്ഞതുമാണ് കേരളത്തിലേക്കുള്ള പച്ചക്കറി വരവ് കുറയാൻ കാരണമായത്. വിപണിയിൽ കഴിഞ്ഞ ഒരു മാസത്തിനിടെ മിക്ക ഇനങ്ങൾക്കും കിലോയ്ക്ക് പത്തു മുതൽ നൂറു രൂപയ്ക്കുമുകളിൽവരെ വില വർധിച്ചു.
ബീൻസും ഇഞ്ചിയും കുതിപ്പിൽ
കഴിഞ്ഞ മാസം ചില്ലറവിപണിയിൽ 75 രൂപയുണ്ടായിരുന്ന ബീൻസിന് ഇന്നലത്തെ നിരക്ക് 135 രൂപയാണ്. ഒറ്റമാസംകൊണ്ട് ഉണ്ടായ ഈ വർധനവ് സാധാരണക്കാരെ ശരിക്കും ഞെട്ടിച്ചു. ഇഞ്ചിയുടെ വില 75 – 77ൽ നിന്ന് 135-140ലേക്ക് കുതിച്ചു. വെളുത്തുള്ളിവില പത്തുരൂപയോളം ഉയർന്ന് 170 -180 രൂപയിലെത്തിനിൽക്കുന്നു.
അമര 55-60 രൂപയിൽനിന്ന് 85 രൂപയിലേക്കുയർന്നു. ചുവന്നപയർ 55-60 (പഴയവില 40-45), നാടൻ തക്കാളി 44-50 (35-40), കാബേജ് 30-35 (20-25), മുരിങ്ങ 40-45 (25-30), കാരറ്റ് 40-45 (30-35), പടവലം 55-60 (40-45), കോവയ്ക്ക 45-50 (35-40), സ്പ്രിംഗ് ഒണിയൻ 150 (140), ഉള്ളി 60-63 (54-56), മത്തൻ 25-30 (20-25) എന്നിങ്ങനെയും കൂടി.
കാന്താരിക്ക് എരിവുകൂടും
മുളക് വിപണിയിൽ കാന്താരിയാണ് ഇപ്പോൾ താരം. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം 200 രൂപയുടെ വർധനവാണ് കാന്താരിക്ക് ഉണ്ടായത്. 600 രൂപയിൽനിന്ന് 800 രൂപയിലേക്കാണ് കുതിപ്പ്. സാമ്പാർ മുളക് 30 35ൽ നിന്നു 42-50 ലേക്കും, ഗുണ്ട് മുളക് 35-40ൽനിന്നു 60 -65 ലേക്കും ഉയർന്നു.
ആശ്വാസമായി വിലക്കുറവും
നേരിയ ആശ്വാസമായി ചില ഇനങ്ങൾക്ക് വില കുറഞ്ഞിട്ടുണ്ട്. വേനൽക്കാലത്ത് ആവശ്യക്കാർ ഏറെയുള്ള ചെറുനാരങ്ങയുടെ വില 195ൽ നിന്ന് 85 രൂപയായി കുറഞ്ഞു. കോളിഫ്ലവർ 35-40 (പഴയ വില 40-45), ബീറ്റ്റൂട്ട് 40-45 ( 50-55), ഇളവൻ 16-20 (20-25), കുക്കുമ്പർ 22-27 (35-40), നെല്ലിക്ക 60-65 (90-95), വേപ്പിലെ 40 (50), മല്ലിയില 80 (90), പുതിന 80 (90), പൂവൻപഴം 38 (50) തുടങ്ങിയവയ്ക്കാണ് വില കുറഞ്ഞത്.
ആശങ്കയുടെ ദിവസങ്ങൾ
തമിഴ്നാട്ടിൽനിന്നുള്ള പച്ചക്കറി വരവു കുറഞ്ഞതാണ് വില ഉയരാൻ പ്രധാന കാരണം. ഇന്ധനവില വർധന നിലവിൽ വിപണിയെ സാരമായി ബാധിച്ചിട്ടില്ലെങ്കിലും ചരക്കുനീക്കം കുറഞ്ഞത് വരും ദിവസങ്ങളിലും വില ഉയരാൻ കാരണമായേക്കാമെന്ന് വ്യാപാരികൾ ആശങ്കപ്പെടുന്നു. മഴപെയ്ത് ഉത്പാദനം കൂടുന്നതോടെ വിപണി ശാന്തമാകുമെന്നാണ് പ്രതീക്ഷ.
