അതിരപ്പിള്ളി: കാട്ടാന ആക്രമത്തിൽ നിന്നും ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ മൂന്ന് ഫോറസ്റ്റ് ജീവനക്കാർക്ക് വീണ് പരിക്കേറ്റു.ചായ്പ്പൻ കുഴിമലയൻ നടരാജൻ (47), വൈശ്ശേരി വാദിയാടൻ മണി കണ്ഠൻ(31), ചാലക്കുടി ഉരുണ്ടോളിൽ സച്ചിൻ (31) എന്നിവരെ പരിക്കുകളോടെ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരാൾക്ക് തോളെല്ലിന് പരിക്കുണ്ടെന്ന് പറയപ്പെടുന്നു.
ഇന്ന് രാവിലെ ഏഴിനായിരുന്നു സംഭവം. സിൽവർ സ്റ്റോം വാട്ടർ തീം പാർക്ക് ഭാഗത്ത് പെട്രോളിംഗ് നടത്തുമ്പോൾ ആന ആക്രമിക്കാൻ ഓടിച്ചതായിരുന്നു. ജനവാസ മേഖലയിൽ കാട്ടാനകൾ ഇറങ്ങുന്നത് പരിശോധിക്കുവാൻ പെട്രോളിംഗ് നടത്തുന്നതിടെയായിരുന്നു കാട്ടാനയുടെ ആക്രമണം ഉണ്ടായത്.
പ്രദേശത്തെ സൗരോർജ വൈദ്യുതി വേലി തകർത്ത് കാട്ടാന എത്തിയ വിവരമറിഞ്ഞാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയത്. ഇവരെ കണ്ടതോടെ പാഞ്ഞടുത്ത ആന ഉദ്യോഗസ്ഥരെ ഓടിക്കുകയായിരുന്നു.
