മലപ്പുറം: കേരള രാഷ്ട്രീയത്തിലെ അതികായനും മുസ്ലിം ലീഗിന്റെ സമുന്നത ദേശീയ നേതാവുമായ പി.കെ. കുഞ്ഞാലിക്കുട്ടി (74) വീണ്ടും സംസ്ഥാന മന്ത്രിസഭയിലേക്ക്. സംസ്ഥാന രാഷ്ട്രീയത്തിന്റെയും ഭരണസംവിധാനങ്ങളുടെയും കേന്ദ്രബിന്ദുവായി വർത്തിക്കുന്ന അദ്ദേഹം, പരിചയസന്പന്നതയുടെയും നയതന്ത്രജ്ഞതയുടെയും കരുത്തിലാണ് വീണ്ടും മന്ത്രിപദവി ഏറ്റെടുക്കുന്നത്. മലപ്പുറത്തുനിന്നാണ് കുഞ്ഞാലിക്കുട്ടിയുടെ വരവ്.
സംസ്ഥാനത്ത് ഏറ്റവും ഉയർന്ന ഭൂരിപക്ഷം നേടിയാണ് അദ്ദേഹം വിജയിച്ചത്. ആകെ പോൾ ചെയ്ത 1,96,885 വോട്ടിൽ 1,31,632 വോട്ടും (67.60 ശതമാനം) അദ്ദേഹം നേടി. 85,327 വോട്ടിന്റെ ഭൂരിപക്ഷം. നിയമസഭയിലേക്ക് ഒന്പതാം മത്സരമാണ് ഇക്കുറി കുഞ്ഞാലിക്കുട്ടിയുടേത്.
എട്ടുതവണ എംഎൽഎയായി. വീട് ഉൾപ്പെടുന്ന മലപ്പുറം മണ്ഡലത്തിലേക്ക് മത്സരിക്കാൻ പതിറ്റാണ്ടുകൾക്കുശേഷമുള്ള മടങ്ങിവരവായിരുന്നു ഇത്തവണ കുഞ്ഞാലിക്കുട്ടിയുടേത്. മുസ്ലിം ലീഗ് അഖിലന്ത്യാ ജനറൽ സെക്രട്ടറി, പ്രതിപക്ഷ ഉപനേതാവ് എന്നി സ്ഥാനങ്ങൾ വഹിച്ചുവരവേയാണ് ഇത്തവണ മന്ത്രിസ്ഥാനത്തെത്തിയത്. മുസ്ലിം ലീഗിനെ മുന്നോട്ടു നയിക്കുന്നതിൽ മുൻനിര സ്ഥാനമാണ് കുഞ്ഞാലിക്കുട്ടി വഹിക്കുന്നത്.
1991-1995 കരുണാകരൻ മന്ത്രിസഭയിൽ വ്യവസായ, സാമൂഹികക്ഷേമ മന്ത്രിയായി. 1995-1996 എ.കെ. ആന്റണി മന്ത്രിസഭയിൽ വ്യവസായ, നഗരകാര്യ മന്ത്രി, 2001-2004 എ.കെ. ആന്റണി മന്ത്രിസഭയിൽ വ്യവസായമന്ത്രി, 2004 ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ വ്യവസായ മന്ത്രി, എന്നീ പദവികൾ വഹിച്ചു.
മലപ്പുറത്തിനടുത്ത് വേങ്ങര കാരാത്തോടാണ് കുഞ്ഞാലിക്കുട്ടിയുടെ വസതി. ഭാര്യ: കെ.എം. കുൽസു. മക്കൾ: പി.കെ. ലസിത, പി.കെ. ആഷിഖ് (ബിസിനസ്).
