പാലക്കാട്: കെപിസിസി ജനറല്‍ സെക്രട്ടറിയായ കെ.എ. തുളസി രാഷ്ട്രീയ, സാമൂഹിക മേഖലകളില്‍ സജീവസാന്നിധ്യമാണ്. വി.കെ. ശ്രീകണ്ഠൻ എംപിയുടെ ഭാര്യയാണ്. നിയമസഭയിലേക്ക് ഇതാദ്യം. കോങ്ങാട് മണ്ഡലത്തിൽനിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്.
1994 മുതല്‍ കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകയായ കെ.എ. തുളസി വിവിധഘട്ടങ്ങളില്‍ പ്രധാനപ്പെട്ട ചുമതലകള്‍ വഹിച്ചു. 2000 മുതല്‍ 2005 വരെ തൃശൂര്‍ ജില്ലാപഞ്ചായത്തിലെ ചേലക്കര ഡിവിഷനില്‍ അംഗമായി സേവനമനുഷ്ഠിച്ചു. 2001ല്‍ ചേലക്കര നിയമസഭാ മണ്ഡലത്തിലും 2004ല്‍ ഒറ്റപ്പാലം ലോക്സഭാ മണ്ഡലത്തിലും മത്സരിച്ചു. 2004ല്‍ കെപിസിസി എക്സിക്യൂട്ടീവ് അംഗമായും പ്രവര്‍ത്തിച്ചു. 2012 മുതല്‍ 2017 വരെ കേരള സംസ്ഥാന വനിതാകമ്മീഷന് അംഗമായിരുന്നു. 2016 മുതല്‍ 2023 വരെ എഐസിസി അംഗമായും പ്രവർത്തിച്ചു. 2021 മുതല്‍ കെപിസിസി ജനറല്‍ സെക്രട്ടറിയാണ്.
വിദ്യാഭ്യാസരംഗത്തും ശ്രദ്ധേയമായ സംഭാവനകള്‍ നല്കിയ കെ.എ. തുളസി നെന്മാറ എന്‍എസ്എസ് കോളജില്‍ ചരിത്രവിഭാഗം മേധാവിയായി 2017 മുതല്‍ പ്രവര്‍ത്തിക്കുന്നു. 2023 മുതല്‍ 2024 വരെ അതേ കോളജിന്റെ പ്രിന്‍സിപ്പലായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. തൃശൂർ പഴയന്നൂര്‍ ഹയര്‍ സെക്കന്‍ഡറിസ്കൂളില്‍ സ്കൂള്‍വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജില്‍ പ്രീഡിഗ്രിയും, മമ്മിയൂര്‍ ലിറ്റില്‍ഫ്ലവര്‍ കോളജില്‍നിന്നു ബിരുദവും നേടി. 1996ല്‍ യുജിസി നെറ്റ് യോഗ്യത നേടി. പാലക്കാട് ഗവണ്മെന്റ് വിക്ടോറിയ കോളജില്‍നിന്ന് ചരിത്രത്തില്‍ പിജി പൂര്‍ത്തിയാക്കി. തുളസി, 1973 മേയ് ഏഴിന് തൃശൂര്‍ ജില്ലയിലെ കൊണ്ടാഴിയിലാണ് ജനിച്ചത്. കെ.എ. അയ്യപ്പന്- എം.കെ. അമ്മിണി ദന്പതികളുടെ മകളാണ്.
