ആലപ്പുഴ: ഒരുകാലത്ത് അടുപ്പിലേക്കോ മാലിന്യക്കൂമ്പാരത്തിലേക്കോ വലിച്ചെറിയപ്പെട്ടിരുന്ന തേങ്ങ ചിരട്ട, ഇന്ന് വിലപിടിപ്പുള്ള വസ്തുവായി മാറി. പച്ചത്തേങ്ങയുടെ വില ഇടിയുമ്പോഴും ചിരട്ടയുടെ വില കുതിച്ചുയരുന്നതാണ് വിപണിയിലെ പുതിയ കാഴ്ച. നിലവില്‍ നാളികേരം കിലോയ്ക്ക് ഏകദേശം 45 രൂപ ലഭിക്കുമ്പോള്‍, ചിരട്ടയ്ക്കുമാത്രം 33 രൂപവരെ വില ലഭിക്കുന്നുണ്ട്.
ഇതോടെ, വീട്ടുവളപ്പുകളില്‍ ഉപേക്ഷിക്കപ്പെട്ടിരുന്ന ചിരട്ടകള്‍ ഇപ്പോള്‍ കച്ചവട വസ്തുവായി മാറി. ഗ്രാമപ്രദേശങ്ങളില്‍ വാഹനങ്ങളുമായി എത്തി വീടുകളില്‍നിന്ന് നേരിട്ട് ചിരട്ട ശേഖരിക്കുന്ന കച്ചവടക്കാരുടെ എണ്ണം കൂടിയിട്ടുണ്ട്.തമിഴ്നാടും കര്‍ണാടകയുമാണ് കേരളത്തില്‍നിന്നുള്ള ചിരട്ടയുടെ പ്രധാന വിപണി. അവിടെ സൗന്ദര്യവര്‍ധക വസ്തുക്കള്‍, അലങ്കാര ഉല്‍പ്പന്നങ്ങള്‍, ഹാന്‍ഡിക്രാഫ്റ്റുകള്‍, കരി നിര്‍മാണം എന്നിവയ്ക്കായി ചിരട്ട വ്യാപകമായി ഉപയോഗിക്കുന്നു.
പ്രത്യേകിച്ച് ചിരട്ടക്കരിക്ക് ഇപ്പോള്‍ വലിയ ആവശ്യകതയാണ്. വെള്ളം ശുദ്ധീകരിക്കുന്ന ഫില്‍റ്ററുകളിലും വ്യാവസായിക ആവശ്യങ്ങള്‍ക്കായി ‘ആക്ടിവേറ്റഡ് കാര്‍ബണ്‍’ നിര്‍മിക്കാനും ചിരട്ടക്കരി ഉപയോഗിക്കുന്നത് വ്യാപകമായതോടെയുമാണ് ചിരട്ടയുടെ ഡിമാൻഡ് കുത്തനെ ഉയര്‍ന്നത്. ഇതിനുപുറമെ ചിരട്ട ഉപയോഗിച്ചു നിര്‍മിക്കുന്ന അലങ്കാര വസ്തുക്കള്‍, ലാംപ് ഷേഡുകള്‍, കപ്പുകള്‍, സ്പൂണുകള്‍, ആഭരണങ്ങള്‍, ഷോപ്പീസ് ഉല്‍പ്പന്നങ്ങള്‍ എന്നിവയ്ക്കും വലിയ വിപണിയാണ്.
പരിസ്ഥിതി സൗഹൃദ ഉല്‍പ്പന്നങ്ങളിലേക്കുള്ള ജനങ്ങളുടെ താല്പര്യം കൂടിയതോടെ, പ്ലാസ്റ്റിക്കിനു പകരം ചിരട്ട ഉല്‍പ്പന്നങ്ങള്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. ചിരട്ടയ്ക്ക് ഡിമാന്‍ഡ് കൂടുമ്പോഴും നാളികേര കര്‍ഷകര്‍ക്ക് ആശ്വാസമില്ല. ഉല്പാദനച്ചെലവ് കുത്തനെ ഉയര്‍ന്ന സാഹചര്യത്തില്‍ നാളികേരത്തിൽ നിന്നു വലിയ വില ലഭിക്കുന്നില്ലെന്ന പരാതിയും കർഷകർ പറയുന്നു. തൊഴിലാളി വേതനം, വളംവില, കീടബാധ, കാലാവസ്ഥാ വ്യതിയാനം എന്നിവയും കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നു.
നാളികേരത്തിനു ലഭിക്കുന്ന വിലയേക്കാള്‍ ഉപോല്‍പന്നങ്ങള്‍ക്കാണ് കൂടുതല്‍ വിപണി ലഭിക്കുന്നത്. തേങ്ങയുടെ ഓരോ ഭാഗത്തിനും ഇന്ന് വിപണിയുണ്ട്. ചിരട്ട, ചിരട്ടക്കരി, നാര്, എണ്ണ, കൊപ്ര തുടങ്ങി എല്ലാം വേര്‍തിരിച്ച് വില്‍ക്കുന്ന രീതിയാണ് ശക്തമാകുന്നത്. ഒരിക്കല്‍ പ്രധാന ഉല്‍പ്പന്നമായിരുന്ന നാളികേരത്തിനേക്കാൾ, ഉപോല്‍പന്നങ്ങള്‍ക്കാണ് ഇന്ന് കൂടുതല്‍ വിലയും ആവശ്യകതയും ലഭിക്കുന്നത്. ഉപോൽപ്പന്നങ്ങളുടെ വിൽപ്പനയിൽ നിന്ന് ലഭിക്കുന്ന ലാഭം കൊയ്യുന്നത് ഇടനിലക്കാരുമാണ്.
കര്ഷകന് കഷ്ടപ്പെടുന്നത് നാളികേരത്തിനായിട്ടാണെങ്കിലും വില ഉയരുന്നത് ചിരട്ടയ്ക്കും കരിക്കിനുമാണ്. ഒരിക്കല്‍ വിലകുറഞ്ഞ അവശിഷ്ടമായി കണ്ടിരുന്ന ചിരട്ട ഇന്ന് പുത്തന്‍ സാമ്പത്തിക സാധ്യതയായി മാറുകയാണ്.
- എബിലിൻ കെ. ഏബ്രഹാം
