കുമരകം: റോഡരികില്‍ താമരതൈകള് വില്‍ക്കാനായി കാത്തുനിന്നിരുന്ന മണ്ണാന്ത്ര ജയിംസ് ഓര്‍മയായി. കുമരകം കണ്ണാടിച്ചാല്‍ ജംഗ്ഷനു സമീപം വിരിഞ്ഞ താമരപ്പൂക്കളോടുകൂടിയ താമര തൈകളുമായി പകലന്തിയോളം മഴയും വെയിലും കൂസാതെ കുടുംബം പോറ്റാന്‍ കഷ്ടപ്പെടുന്ന ജയിംസ് (72) യാത്രക്കാര്‍ക്കും നാട്ടുകാര്‍ക്കും കൗതുകക്കാഴ്ചയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് നവജീവനില്‍ വച്ചായിരുന്നു അന്ത്യം.
പാടത്തെ ചെളിയില്‍നിന്നു വേരോടെ പറിച്ചെടുക്കുന്ന താമര ബക്കറ്റിലാക്കിയാണ് വില്പന നടത്തിയിരുന്നത്. കുമരകത്ത് വിനോദയാത്രയ്ക്കെത്തുന്നവരാണ് ജയിംസിന്റെ താമര സ്വന്തമാക്കുന്നവരിലേറെയും. ആരോടും വില പറയില്ല. കിട്ടുന്നതു മാത്രം വാങ്ങും.
താമര നട്ടുവളര്‍ത്താന്‍ വേണ്ട മാര്‍ഗനിര്‍ദേശങ്ങളും നൽകും. താമരയുടെ കച്ചവടം കഴിഞ്ഞാല്‍ വീശുവലയുമായി പാടത്തും തോടുകളിലുമെത്തും. വീശിക്കിട്ടുന്ന മീനും റോഡരികില്‍ത്തന്നെ വില്‍ക്കും.
വര്‍ഷങ്ങള്‍ക്കു മുമ്പ് കാറിടിച്ചു പരിക്കേറ്റതോടെയാണ് ജയിംസിന്റെ ആരോഗ്യസ്ഥിതി മോശമായത്. അതോടെയാണ് ഇത്തരം ചെറിയ ജോലികള്‍ ചെയ്തു കുടുംബം പുലര്‍ത്താന്‍ ആരംഭിച്ചത്. ഭാര്യ തങ്കമ്മ (എടത്വാ) മക്കള്‍: രശ്മി, ജെസ്മോന്.
മൃതദേഹം ഇന്ന് രാവിലെ 11ന് രണ്ടാം കലുങ്കിന് സമീപമുള്ള സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി ഹാളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് ചെങ്ങളം സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍.
