നെയ്യാർഡാം : നെയ്യാറിന്റെ കരയിടിയുന്നു. ആശങ്കയും ഭീതിയുമായി നിവാസികളും. നെയ്യാറിന്റെ കള്ളിക്കാട്, കാട്ടാക്കട ഭാഗങ്ങളിലാണ് വൻ തോതിൽ കരയിടിയുന്നത്. രണ്ടുവർഷം മുമ്പുണ്ടായ പേമാരിയിലാണ് ആദ്യമായി വലിയ തോതിൽ മണ്ണിടിഞ്ഞത്.
പിന്നീട് അതിന്റെ തുടർച്ചയുണ്ടായി. നെയ്യാർ കടന്നുപോകുന്നയിവിടെ കൃഷിഭൂമികൾ ഇടിഞ്ഞു താഴുന്നത് പതിവാണ്. അടുത്തുള്ള വീടുകളും അപകടഭീഷണി നേരിടുകയാണ്. ഈ പ്രദേശത്തെ 50 ഓളം വീടുകൾ ഭീഷണിയിലാണ്.
കഴിഞ്ഞ മഴയിൽ ഇരമ്പിയാർത്തുവന്ന വെള്ളം ഏതാണ്ട് ഒരു കിലോമീറ്റർ ദൂരത്തിൽ കരകളെ വിഴുങ്ങി. തെങ്ങുകളും കരയിൽ നിന്നിരുന്ന മുളങ്കൂട്ടവും വെള്ളത്തിൽ മുങ്ങുന്ന നിലയാണ്. മാത്രമല്ല ഇടിയാൻ പാകത്തിൽ നിൽക്കുന്ന കൃ ഷി ഭൂമികളും ഇവിടുള്ളവരുടെ ആശങ്ക വർധിപ്പിക്കുകയാണ്. ആറ്റിലെ ശക്തമായ ഒഴുക്കിൽ ശോഭനയുടെ 18 സെന്റ് ഭൂമിയിലെ 13 സെന്റും ഇടിഞ്ഞു നെയ്യാറിലേക്കു പതിച്ച അവസ്ഥയാണ്. ഇതേ അവസ്ഥ തന്നെയാണ് നിവാസികളുടേതും.
മഴ ഒന്നു കനത്താൽ മതി, നദി തങ്ങളുടെ കരകളും കൊണ്ടു പോകുമെന്നതാണ് അവസ്ഥ. നദിയുടെ ഇരുവശത്തുമുള്ള കൈതകളും മുളകളും പാടേ ഇല്ലാതെയായി. അവ നട്ടുപിടിപ്പിക്കുന്ന പദ്ധതിയും എല്ലാവരും ഉപേക്ഷിച്ചു. അതിനാൽ തന്നെ മഴവെള്ളം വന്നാൽ അതു തടഞ്ഞുനിറുത്താൻ കഴിയുന്നില്ല. ഈ നദികളിൽ നിരവധി കുടിവെള്ള പദ്ധതികളാണുള്ളത്. നദികളിൽ തന്നെ വെള്ളം സംഭരിച്ചു നിറുത്താനുള്ള ശേഷി ഇപ്പോഴില്ല.
നെയ്യാർ കടന്നുപോകുന്ന ഭാഗങ്ങളിൽ സംരക്ഷണഭിത്തി കെട്ടണമെന്ന ആവശ്യം ഇതേ വരെ അംഗീകരിച്ചിട്ടില്ല.നെയ്യാർ ഒഴുകുന്നതിൽനിന്ന് 18 മീറ്ററോളം ഉയരമുള്ളതാണ് ഇവിടം. അതിനാൽ നെയ്യാറിന്റെ നിരപ്പിൽനിന്ന് 10 മീറ്ററോളം പൊക്കത്തിൽ സംരക്ഷണഭിത്തി കെട്ടിയാൽ മണ്ണൊലിപ്പ് തടഞ്ഞു നദിയേയും ഭൂമിയേയും സംരക്ഷിക്കാൻ കഴിയുമെന്നും കാണിച്ച് പഞ്ചായത്ത് ജില്ലാ കലക്ടർക്ക് റിപ്പോർട്ട് നൽകി. റിപ്പോർട്ട് അനുസരിച്ച് പ്രദേശത്ത് സംരക്ഷണഭിത്തി നിർമിക്കാൻ ജലസേചനവകുപ്പിന് നിർദേശം നൽകി.
2022 ൽ സംരക്ഷണ ഭിത്തി നിർമിക്കാൻ ജലസേചനവകുപ്പ് 48 ലക്ഷം രൂപയുടെ അടങ്കൽ സർക്കാരിലേക്ക് സമർപ്പിച്ചിരുന്നു.
