പരവൂർ: പ്രതിദിന സ്ഥിരം യാത്രക്കാരുടെ ദീർഘനാളത്തെ ആവശ്യങ്ങൾക്ക് പരിഹാരവുമായി റെയിൽവേ. കേരളത്തിലൂടെ സർവീസ് നടത്തുന്ന സുപ്രധാന ട്രെയിനുകളിൽ കോച്ചുകളുടെ എണ്ണം വർധിപ്പിച്ചും സ്റ്റോപ്പുകൾ പുനഃസ്ഥാപിച്ചും യാത്രക്കാർക്ക് കൂടുതൽ യാത്രാസൗകര്യങ്ങൾ ഒരുക്കുന്നതായി റെയിൽവേ മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു.
മെമു ട്രെയിനുകളിൽ കൂടുതൽ കോച്ചുകൾപാലക്കാട് – എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന മെമു ട്രെയിനുകളിലെ തിരക്ക് പരിഹരിക്കുന്നതിനായി കോച്ചുകളുടെ എണ്ണം വർധിപ്പിച്ചു. നിലവിലുണ്ടായിരുന്ന എട്ട് കാർ റേക്കുകൾക്ക് പകരം ഇനി മുതൽ 12 കാർ റേക്കുകളുമായാകും ഈ ട്രെയിൻ സർവീസ് നടത്തുക. മെയ് 24 മുതൽ ഈ മാറ്റം നിലവിൽ വന്നു.
ട്രെയിൻ നമ്പർ 66609 പാലക്കാട് – എറണാകുളം ഇംഗ്ഷൻ മെമു ട്രെയിൻ നമ്പർ 66610 എറണാകുളം ജംഗ്ഷൻ – പാലക്കാട് മെമു എന്നിവ ഇനി മുതൽ 12 കോച്ചുകളോടെയാകും ഓടുക.
ഐലൻഡ് എക്സ്പ്രസിന്ബംഗളൂരു ഈസ്റ്റിൽ സ്റ്റോപ്പ്
കന്യാകുമാരിയിൽ നിന്നും ബംഗളൂരുവിലേക്ക് സർവീസ് നടത്തുന്ന ഐലൻഡ് എക്സ്പ്രസിന്റെ ബെംഗളൂരു ഈസ്റ്റ് സ്റ്റേഷനിലെ സ്റ്റോപ്പ് റെയിൽവേ പുനഃസ്ഥാപിച്ചു. മെയ് 25 മുതൽ ഇത് നിലവിൽ വന്നു. പുതിയ സമയക്രമം അനുസരിച്ച് ട്രെയിൻ നമ്പർ 16525 കന്യാകുമാരി – കെ.എസ്.ആർ ബെംഗളൂരു ഐലൻഡ് എക്സ്പ്രസ് രാവിലെ 06:22-ന് ബെംഗളൂരു ഈസ്റ്റിൽ എത്തുകയും ഒരു മിനിറ്റിന്റെ സ്റ്റോപ്പിന് ശേഷം 06:23-ന് പുറപ്പെടുകയും ചെയ്യും.
മഡ്ഗാവ് – എറണാകുളം എക്സ്പ്രസിൽഎസി കോച്ച് കൂട്ടി
യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് മഡ്ഗാവ് – എറണാകുളം ഇംഗ്ഷൻ – മഡ്ഗാവ് വീക്കിലി എക്സ്പ്രസിൽ ഒരു എസി 3-ടയർ കോച്ച് സ്ഥിരമായി വർധിപ്പിച്ചു.ട്രെയിൻ നമ്പർ 10215 മഡ്ഗാവ് – എറണാകുളം എക്സ്പ്രസിൽ മെയ് 24 മുതലും, ട്രെയിൻ നമ്പർ 10216 എറണാകുളം – മഡ്ഗാവ് എക്സ്പ്രസിൽ മെയ് 25 മുതലും പുതിയ എസി കോച്ച് ലഭ്യമായിത്തുടങ്ങി. ഇതോടെ മുൻപ് 20 എൽഎച്ച്ബി കോച്ചുകളുമായി ഓടിയിരുന്ന ഈ ട്രെയിൻ ഇനി മുതൽ 21 കോച്ചുകളോടെ സർവീസ് നടത്തും.
പാലരുവി എക്സ്പ്രസ് മുഴുവൻ കോച്ചുകളോടെയും സർവീസിലേക്ക്
യാത്രക്കാരുടെ യാത്രാക്ലേശം കുറയ്ക്കുന്നതിനായി പാലരുവി എക്സ്പ്രസ് ഇനി മുതൽ അതിന്റെ പൂർണ കോച്ച് ശേഷിയോടെ സർവീസ് നടത്തും. തൂത്തുക്കുടി – പാലക്കാട് – തൂത്തുക്കുടി റൂട്ടിലോടുന്ന ട്രെയിൻ നമ്പർ 16791 / 16792 പാലരുവി എക്സ്പ്രസ് മെയ് 24 മുതൽ 18 കോച്ചുകളുമായി ഓടിത്തുടങ്ങിയതായും റെയിൽവേ പത്രക്കുറിപ്പിൽ വ്യക്തമാക്കി.
