കൊച്ചി: താരസംഘടനയായ “അമ്മ’യിലെ അധികാരത്തര്ക്കങ്ങള്ക്കിടെ ശ്വേതാ മേനോന് ഭരണസമിതിയുടെ തുറന്ന കത്തും വിവാദത്തില്‍. കത്ത് നിയമവിരുദ്ധമാണെന്ന് ഒരു വിഭാഗം അംഗങ്ങള്‍. കത്ത് സംഘടനയുടെ ബൈലോയ്ക്ക് വിരുദ്ധമാണെന്നും ഇത് അമ്മയില്‍ പതിവില്ലെന്നും അംഗങ്ങള്‍ വിമര്‍ശിച്ചു.
അമ്മയുടെ നിയമപ്രകാരം ഔദ്യോഗിക അറിയിപ്പുകള് ഇ-മെയില്‍ വഴിയാണ് അംഗങ്ങള്‍ക്ക് നല്‍കേണ്ടത്. എന്നാല്‍ പുതിയ കത്ത് അയച്ചിരിക്കുന്നത് വാട്സാപ്പ് വഴിയാണ്. അമ്മയുടെ ഔദ്യോഗിക ഫോണ്‍ നമ്പറില്‍ നിന്നാണ് കത്ത് അയച്ചിട്ടുള്ളതെങ്കിലും ആ ഫോണില്‍ സേവ് ചെയ്തിട്ടുള്ള അംഗങ്ങള്‍ക്ക് മാത്രമാണ് നിലവില്‍ ഈ സന്ദേശം ലഭിച്ചിട്ടുള്ളത്.
കഴിഞ്ഞദിവസമാണ് അനുഭവക്കുറവുമൂലം പിഴവുകള്‍ ഉണ്ടായെന്നും അത് പരിഹരിച്ചു മുന്നോട്ടു പോകുമെന്നും വ്യക്തമാക്കി കത്ത് നല്‍കിയത്. എന്നാല്‍ സംഘടനയുടെ ബൈലോ പ്രകാരം ഇത്തരം മാപ്പപേക്ഷകളോ തുറന്ന കത്തുകളോ ഡിജിറ്റല്‍ മാധ്യമങ്ങള്‍ വഴി കൈമാറേണ്ടതില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടത് ജനറല്‍ ബോഡി യോഗമാണ്. അത് ലംഘിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത് എന്നാണ് വിമര്‍ശനം.
ജനറല്‍ ബോഡി യോഗത്തില്‍ രാജി പ്രഖ്യാപിച്ച് ഇറങ്ങിപ്പോയ 17 അംഗ ഭരണസമിതിയിലെ എട്ടു പേരെ മാത്രം പങ്കെടുപ്പിച്ചാണ് എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ചേര്‍ന്നത്. കേസ് കോടതിയിലായിരിക്കെ ശ്വേത മേനോന്റെ അധ്യക്ഷതയില്‍ ഭരണസമിതി യോഗം ചേര്‍ന്നത് നിയമത്തോടുള്ള വെല്ലുവിളിയാണെന്നും ആക്ഷേപമുണ്ട്.
