ആലപ്പുഴ: കായംകുളത്ത് എൺപതുകാരി തങ്കമ്മയെ കൊലപ്പെടുത്തിയ കേസിൽ ഞെട്ടിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്. തങ്കമ്മയെ പ്രതി പ്രകാശൻ കായലിൽ കെട്ടിത്താഴ്ത്തിയത് ജീവനോടെയായിരുന്നുവെന്ന് വ്യക്തമായി.
തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം തങ്കമ്മ മരിച്ചുവെന്ന് കരുതിയാണ് പ്രതി സ്വർണം കവർന്നത്. തുടർന്ന് കൈകാലുകൾ ബന്ധിച്ച്, മൃതദേഹം പൊങ്ങിവരാതിരിക്കാൻ കല്ലുകൾ കെട്ടിവെച്ച് കായലിലേക്ക് തള്ളുകയായിരുന്നു. എന്നാൽ കായലിൽ വീഴുമ്പോഴും ജീവനുണ്ടായിരുന്ന തങ്കമ്മയുടെ ശ്വാസകോശത്തിൽ വെള്ളം കയറിയാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.
മത്സ്യത്തൊഴിലാളിയും തങ്കമ്മയുടെ അകന്ന ബന്ധുവും അയൽവാസിയുമായ പ്രകാശനാണ് ക്രൂരമായ ഈ കൊലപാതകം നടത്തിയത്. സ്വർണവും പണവും കവരാൻ വേണ്ടിയായിരുന്നു ഇയാൾ വൃദ്ധയെ ലക്ഷ്യമിട്ടത്. വളയും കമ്മലും അടക്കം ആറര പവൻ സ്വർണമാണ് പ്രതി തങ്കമ്മയുടെ ശരീരത്തിൽ നിന്ന് കവർന്നത്.
കഴിഞ്ഞ ദിവസം തങ്കമ്മയെ കാണാതായതിനെ തുടർന്ന് അയൽവാസികൾ മകളെ വിവരമറിയിക്കുകയും, മകൾ പോലീസിൽ പരാതി നൽകുകയുമായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിൽ രണ്ടാം ദിവസമാണ് കായംകുളം കായലിൽ നിന്ന് കൈകാലുകൾ ബന്ധിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്. തങ്കമ്മയുമായി അടുത്ത ബന്ധമുള്ള ആരെങ്കിലുമാണ് ഇതിന് പിന്നിലെന്ന് പൊലീസ് ആദ്യമേ ഉറപ്പിച്ചിരുന്നു.
തങ്കമ്മയെ കാണാതായ ദിവസം ഗ്യാസ് അടുപ്പ് നന്നാക്കാനായി പ്രകാശൻ ഈ വീട്ടിലെത്തിയിരുന്നു എന്ന വിവരമാണ് കേസിൽ വഴിത്തിരിവായത്. പോലീസ് തങ്ങളെ സംശയിക്കില്ലെന്ന ഉറപ്പിൽ നാട്ടിൽ സാധാരണ രീതിയിൽ നടന്നിരുന്ന പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കൊടുംക്രൂരതയുടെ ചുരുളഴിഞ്ഞത്. പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്.
