പരവൂർ: രാജ്യത്തെ ഡിജിറ്റൽ പേയ്മെന്റ് രംഗത്ത് വൻ കുതിച്ചുചാട്ടവുമായി യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് ( യുപിഐ). മേയ് മാസത്തിലെ കണക്കുകൾ പുറത്തുവരുമ്പോൾ ഇടപാടുകളുടെ എണ്ണത്തിലും മൂല്യത്തിലും എക്കാലത്തെയും ഉയർന്ന റെക്കോർഡാണ് രാജ്യം കൈവരിച്ചിരിക്കുന്നത്.മേയ് മാസത്തിൽ മാത്രം 29.90 ലക്ഷം കോടി രൂപയുടെ യുപിഐ ഇടപാടുകൾ നടന്നതായി നാഷണൽ പേയ്മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. ഈ കാലയളവിൽ നടന്ന ആകെ ഇടപാടുകളുടെ എണ്ണം 23.2 ബില്യണാണ് (2,320 കോടി ഇടപാടുകൾ).
വേനൽക്കാല യാത്രാ സീസണിൽ ഉപഭോക്താക്കളുടെ ചെലവിടൽ വർധിച്ചതും ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ .- 2026) ക്രിക്കറ്റ് ടൂർണമെന്റുമായി ബന്ധപ്പെട്ടുണ്ടായ ഉയർന്ന ഡിജിറ്റൽ പേയ്മെന്റുുകളുമാണ് ഈ ചരിത്രപരമായ മുന്നേറ്റത്തിന് പ്രധാന കാരണമായത്.കഴിഞ്ഞ വർഷം മേയ് മാസത്തിൽ 25.14 ലക്ഷം കോടി രൂപയുടെ യുപിഐ ഇടപാടുകളാണ് നടന്നിരുന്നത്. അതിൽ നിന്നും വാർഷികാടിസ്ഥാനത്തിൽ 19 ശതമാനത്തിന്റെ ശക്തമായ വളർച്ചയാണ് ഇത്തവണ രേഖപ്പെടുത്തിയത്. നടപ്പു വർഷം ഏപ്രിലിലെ ഇടപാട് മൂല്യമായ 29.03 ലക്ഷം കോടി രൂപയേക്കാളും മുന്നിലാണ് മേയ് മാസത്തിലെ കണക്കുകൾ.
ഇടപാടുകളുടെ എണ്ണത്തിലും വലിയ വർധനയാണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 18.67 ബില്യൺ ഇടപാടുകൾ നടന്ന സ്ഥാനത്ത് ഇത്തവണ 24 ശതമാനം വർധനയോടെയാണ് 23.2 ബില്യൺ എന്ന നാഴികക്കല്ലിൽ എത്തിയത്. ഏപ്രിലിൽ ഇത് 22.35 ബില്യൺ ഇടപാടുകളായിരുന്നു. രാജ്യത്തെ സാധാരണ വ്യാപാരികൾ മുതൽ വൻകിട ബിസിനസുകാർ വരെയും വ്യക്തികൾ തമ്മിലുമുള്ള ദൈനംദിന ഇടപാടുകൾക്ക് യുപിഐ എത്രത്തോളം അവിഭാജ്യമായി മാറിയെന്ന് ഈ കണക്കുകൾ അടിവരയിടുന്നു.
യുപിഐ സംവിധാനത്തിന്റെ ഈ സ്ഥിരതയാർന്ന ഉയർച്ച പക്വതയാർന്ന ഒരു ഡിജിറ്റൽ സാമ്പത്തിക വ്യവസ്ഥയുടെ അടയാളമാണെന്ന് ഈ മേഖലയിലെ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ആർബി.ഐയുടെ പേയ്മെന്റ് സിസ്റ്റംസ് റിപ്പോർട്ട് പ്രകാരം യുപിഐ വഴിയുള്ള ശരാശരി ഇടപാട് തുക 2021-ലെ ₹1,848-ൽ നിന്ന് 2025 ആയപ്പോഴേക്കും ₹1,313 ആയി കുറഞ്ഞിട്ടുണ്ട്. ചെറുകിട ഇടപാടുകൾക്കായി സാധാരണക്കാർ യുപിഐ വ്യാപകമായി ഉപയോഗിക്കുന്നതിനാലാണിത്.
ക്രെഡിറ്റ് കാർഡുകൾ യുപിഐയുമായി ബന്ധിപ്പിക്കുന്ന ക്രെഡിറ്റ്-ഓൺ-യുപിഐസംവിധാനം കൂടുതൽ ജനപ്രിയമാകുന്നതോടെ ഇടപാടുകളുടെ എണ്ണം ഇനിയും വർധിക്കും. ഇന്ത്യക്ക് പുറമേ യുണൈറ്റഡ് അറബ് എമിറേറ്റ്സ് , സിംഗപ്പൂർ, ഭൂട്ടാൻ, നേപ്പാൾ, മൗറീഷ്യസ് ഉൾപ്പെടെ ഏഴ് വിദേശ രാജ്യങ്ങളിൽ നിലവിൽ യുപിഐ സേവനം ലഭ്യമാണ്. ഇത് അന്താരാഷ്ട്ര തലത്തിലും ഡിജിറ്റൽ ഇടപാടുകൾ സുഗമമാക്കാൻ സഹായിക്കുന്നുണ്ട്.
