പരവൂർ: ഇന്ത്യൻ റെയിൽവേ നടപ്പിലാക്കിവരുന്ന വിപ്ലവകരമായ നവീകരണ പ്രവർത്തനങ്ങളുടെ ഫലമായി രാജ്യത്തെ തീവണ്ടികളുടെ ഡീസൽ ഉപഭോഗത്തിൽ വൻ ഇടിവ്.ദൗത്യവിഭാഗമായി ഏറ്റെടുത്ത റെയിൽവേ ശൃംഖലയുടെ വൈദ്യുതീകരണം 99.6 ശതമാനത്തിൽ എത്തിയതോടെ പ്രതിവർഷം 185 കോടി ലിറ്റർ ഡീസലാണ് ലാഭിക്കാൻ സാധിച്ചത്. ഇത് ഇന്ത്യയുടെ മൊത്തം ഡീസൽ ആവശ്യകതയുടെ ഏകദേശം നാല് ദിവസത്തെ ഉപഭോഗത്തിന് തുല്യമാണ്. ഇതിലൂടെ ഇന്ധന ഇറക്കുമതിക്കായി വിനിയോഗിക്കേണ്ടി വരുമായിരുന്ന കോടിക്കണക്കിന് രൂപയുടെ വിദേശനാണ്യമാണ് രാജ്യത്തിന് ലാഭിക്കാൻ കഴിഞ്ഞത്.
റെയിൽവേ മന്ത്രാലയത്തിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം 2014 വരെയുള്ള കാലയളവിൽ രാജ്യത്ത് ആകെ 21,801 റൂട്ട് കിലോമീറ്റർ മാത്രമാണ് വൈദ്യുതീകരിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ 12 വർഷത്തിനുള്ളിൽ 48,072 കിലോമീറ്റർ പാത കൂടി പുതുതായി വൈദ്യുതീകരിക്കാൻ ഇന്ത്യൻ റെയിൽവേയ്ക്ക് സാധിച്ചു.
വൈദ്യുതീകരണ ദൗത്യത്തിന്റെ ആദ്യ വർഷമായ 2015-16ൽ 293 കോടി ലിറ്റർ ഡീസൽ ഉപയോഗിച്ചിടത്ത്, 2024-25ൽ അത് 108 കോടി ലിറ്ററായി കുത്തനെ കുറഞ്ഞു. നിലവിൽ ഇത് വീണ്ടും കുറഞ്ഞിട്ടുണ്ടെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
റെയിൽവേ ശൃംഖലയുടെ ഈ ദ്രുതഗതിയിലുള്ള മാറ്റം പശ്ചിമേഷ്യൻ സംഘർഷങ്ങളും അന്താരാഷ്ട്ര വിപണിയിലെ എണ്ണവില വ്യതിയാനങ്ങളും മൂലമുണ്ടാകുന്ന ആഗോള ഇന്ധന പ്രതിസന്ധിയിൽ നിന്ന് രാജ്യത്തെ ട്രെയിൻ സർവീസുകളെയും ചരക്കുഗതാഗതത്തെയും പ്രതികൂലമായി ബാധിക്കാതെ സംരക്ഷിച്ചു നിർത്തിയെന്ന് സാമ്പത്തിക-ലോജിസ്റ്റിക്സ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ഡീസൽ ലോക്കോമോട്ടീവുകളെ അപേക്ഷിച്ച് ഇലട്രിക് എൻജിനുകൾ ഉപയോഗിച്ചുള്ള ട്രെയിൻ സർവീസുകളുടെ ചെലവ് വളരെ കുറവാണെന്ന് റെയിൽവേ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. യാത്രക്കാരുടെ യാത്രാച്ചെലവിൽ ഏകദേശം ആറിലൊന്നും, ചരക്കുഗതാഗത രംഗത്ത് മൂന്നിലൊന്നും കുറവാണ് ഇതുവഴി ഉണ്ടാകുന്നത്.
ഡീസൽ ഉപയോഗം കുറയ്ക്കുന്നതിനൊപ്പം തന്നെ റെയിൽവേ പ്രവർത്തനങ്ങൾക്കാവശ്യമായ വൈദ്യുതി സോളാർ ഉൾപ്പെടെയുള്ള പുനരുപയോഗ ഊർജ സ്രോതസുകളിൽ നിന്ന് ലഭ്യമാക്കാനുള്ള ശ്രമങ്ങളും റെയിൽവേ ഊർജിതമാക്കിയിട്ടുണ്ട്. വായുമലിനീകരണം പൂർണമായും ഒഴിവാക്കി ഇന്ത്യൻ റെയിൽവേയെ കൂടുതൽ ശുദ്ധവും ഹരിതാഭവുമായ സുരക്ഷിത ഗതാഗത മാർഗ്ഗമാക്കി മാറ്റുകയെന്ന ലക്ഷ്യത്തിലേക്കാണ് ഈ മുന്നേറ്റം.
