മൂവാറ്റുപുഴ: കാവുംപടി റോഡില്‍ ജല അഥോറിറ്റിയുടെ തകര്‍ന്ന പൈപ്പ് ശരിയാക്കുന്നതിനായി എടുത്ത കുഴി ശരിയായി മൂടാത്തത് യാത്രക്കാര്‍ക്ക് ദുരിതമാകുന്നു. മൂവാറ്റുപുഴ പോലീസ് സ്റ്റേഷന് സമീപമാണ് ജല അഥോറിറ്റി ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലം കുഴിമൂടാതെ കിടക്കുന്നത്.
കഴിഞ്ഞ മാസം 25നാണ് പൈപ്പ്പൊട്ടി കുടിവെള്ള വിതരണം തടസപ്പെട്ടത്. തുടര്‍ന്ന് ജല അഥോറിറ്റി അധികൃതര്‍ അറ്റകുറ്റപ്പണികള്‍ നടത്തി കുടിവെള്ള വിതരണം പുനഃസ്ഥാപിച്ചിരുന്നു. എന്നാല്‍ ഇതിനായി എടുത്ത കുഴിയാണ് കാല്‍നടയാത്രക്കാര്‍ക്കും വാഹനയാത്രക്കാര്‍ക്കും ഓരേപോലെ വിനയായിരിക്കുന്നത്.
അറ്റകുറ്റപണികള്‍ക്കായി റോഡ് കുഴിച്ചപ്പോഴുണ്ടായ മണ്ണ് മഴ പെയ്തതോടെ ചെളിക്കുഴിയായി മാറിയിരിക്കുകയാണ്. വാഹനങ്ങള്‍ പോകുമ്പോള്‍ കാല്‍നടയാത്രക്കാരുടെ ദേഹത്തേക്ക് ചെളി തെറിക്കുന്ന അവസ്ഥയാണ് നിലവില്‍.
നഗരത്തിന്റെ തിരക്ക് ഒഴിവാക്കുന്നതിനായി കൂടുതല്‍ ആളുകള്‍ സഞ്ചരിക്കുന്ന റോഡിലാണ് ഉദ്യോഗസ്ഥരുടെ അനാസ്ഥ. കുഴിമൂടാതെ കിടക്കുന്നതിന്റെ എതിര്‍വശത്തായി റോഡില്‍ രൂപപ്പെട്ടിരിക്കുന്ന കുഴിയും വാഹനയാത്രക്കാരെ ദുരിതത്തിലാക്കുകയാണ്. രണ്ടു വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയുന്ന റോഡിന് നടുവിലായാണ് കുഴിയും രൂപപ്പെട്ടിരിക്കുന്നത്.
സമീപത്തെ സ്കൂളിലേക്കടക്കം ദിനംപ്രതി നിരവധിപേരാണ് റോഡിനെ ആശ്രയിക്കുന്നത്. കുഴികള്‍ മൂടി റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
