ഓസ്ലോ: കഠിനാധ്വാനത്തെയും തൊഴിലിനോടുള്ള സമർപ്പണത്തെയും കുറിച്ചുള്ള തന്റെ പരമ്പരാഗതമായ ചിന്തകളെ തിരുത്തിക്കുറിക്കുന്ന ഒരു അനുഭവം പങ്കുവെച്ചുകൊണ്ട് ഒരു ഇന്ത്യൻ പ്രൊഫഷണൽ സമൂഹ മാധ്യമങ്ങളിൽ നടത്തിയ തുറന്നുപറച്ചിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. നോർവേയിൽ താമസിക്കുന്ന വിനോദ് എന്ന വ്യക്തിയാണ്, അമിതാദ്ധ്വാനവും വ്യക്തിജീവിതവും തമ്മിലുള്ള സന്തുലിതാവസ്ഥയെക്കുറിച്ചുള്ള സംവാദങ്ങൾക്ക് വീണ്ടും തിരി കൊളുത്തിയിരിക്കുന്നത്.
15 വർഷം മുമ്പ് നോർവേയിലേക്ക് മാറിയപ്പോൾ തനിക്കുണ്ടായ തികച്ചും വ്യത്യസ്തമായ ഒരു തൊഴിൽ സംസ്കാരത്തെക്കുറിച്ചാണ് വിനോദ് ഓർത്തെടുക്കുന്നത്. ഇന്ത്യയിൽ ജോലി ചെയ്തിരുന്നപ്പോൾ തനിക്കുണ്ടായിരുന്ന ശീലങ്ങളുമായാണ് വിനോദ് നോർവേയിൽ എത്തിയത്. അവധി ദിവസങ്ങളിലും വാരാന്ത്യങ്ങളിലും ജോലി ചെയ്യുക, ഉച്ചഭക്ഷണത്തിനുള്ള ഇടവേളകൾ ഒഴിവാക്കുക, ഓഫീസിൽ വൈകി വരെ ഇരിക്കുക, സുഖമില്ലാത്തപ്പോഴും വിശ്രമമില്ലാതെ ജോലി ചെയ്യുക എന്നിവയൊക്കെ അദ്ദേഹത്തിന്റെ പതിവായിരുന്നു. തൊഴിലിനോടുള്ള ആത്മാർത്ഥതയുടെയും പ്രൊഫഷണലിസത്തിന്റെ
അടയാളമായാണ് അദ്ദേഹം ഇതിനെയെല്ലാം കണ്ടിരുന്നത്.
എന്നാൽ, തന്റെ മാനേജറുമായി ഉണ്ടായ അപ്രതീക്ഷിതമായ ഒരു സംഭാഷണം വിനോദിന്റെ ചിന്താഗതിയെ പൂർണ്ണമായി മാറ്റിമറിച്ചു. ഒരു ദിവസം ബോസ് തന്റെ മുറിയിലേക്ക് വിളിച്ചപ്പോൾ, തന്റെ കഠിനാധ്വാനത്തിന് അഭിനന്ദനം ലഭിക്കുമെന്നാണ് വിനോദ് കരുതിയത്. എന്നാൽ സംഭവിച്ചത് മറ്റൊന്നായിരുന്നു. വിനോദ് ഒരു ശനിയാഴ്ച ഇമെയിലുകൾക്ക് മറുപടി നൽകിയതും, ഒരു പ്രോജക്റ്റ് തീർക്കുന്നതിനായി മുൻപ് നിശ്ചയിച്ച അവധി റദ്ദാക്കിയതും ശ്രദ്ധയിൽപ്പെട്ട മാനേജർ തന്റെ ആശങ്കയാണ് വിനോദിനെ അറിയിച്ചത്.
തൊഴിൽ മേഖലയിൽ കൃത്യമായി അവധിയെടുക്കേണ്ടത് അത്യാവശ്യമാണെന്ന് നോർവീജിയൻ മാനേജർ അദ്ദേഹത്തെ ഓർമ്മിപ്പിച്ചു. അവധി ദിവസങ്ങളിൽ ജോലി ചെയ്യുന്നത് കമ്പനിയിലെ യുവ ജീവനക്കാർക്ക് തെറ്റായ സന്ദേശം നൽകുമെന്നും, അവധികൾ എന്നത് ഓപ്ഷണൽ അല്ലെന്നും ബോസ് വ്യക്തമാക്കി. ഒരു ലീഡർ എപ്പോഴും തന്റെ ടീമിന് ആരോഗ്യകരമായ മാതൃകയായിരിക്കണം കാണിച്ചുകൊടുക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാനേജരുടെ ഈ പ്രതികരണം തന്നെ ഞെട്ടിച്ചുകളഞ്ഞു എന്ന് വിനോദ് സമ്മതിക്കുന്നു. വിനോദിന്റെ ഈ സോഷ്യൽ മീഡിയ പോസ്റ്റ് വളരെ പെട്ടെന്നാണ് ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. തൊഴിലിടങ്ങളിലെ പ്രതീക്ഷകളെയും സംസ്കാരത്തെയും കുറിച്ച് നിരവധി ആളുകൾ തങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തി. നോർവേയിലെ ഈ ആരോഗ്യകരമായ സമീപനത്തെ പലരും പ്രശംസിച്ചപ്പോൾ, ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ ഇപ്പോഴും മികച്ചൊരു ‘വർക്ക്-ലൈഫ് ബാലൻസ്’ കെട്ടിപ്പടുക്കുന്നത് വലിയൊരു വെല്ലുവിളിയാണെന്ന് മറ്റു ചിലർ ചൂണ്ടിക്കാണിച്ചു.
