പരവൂർ: റെയിൽവേ സാങ്കേതിക വിദ്യയിലും ചരക്കുനീക്കത്തിലും ലോകരാജ്യങ്ങളെ അമ്പരപ്പിച്ച് ഇന്ത്യൻ റെയിൽവേക്ക് ചരിത്ര നേട്ടം.
ലോകത്തിലാദ്യമായി ഓവർഹെഡ് ഇലക്ട്രിക് ലൈനുകൾക്ക് താഴെ രണ്ട് തട്ടുകളിലായി കണ്ടെയ്നറുകൾ അടുക്കിവെച്ച ‘ഡബിൾ സ്റ്റാക്ക്’ ചരക്കുവണ്ടികൾ വിജയകരമായി ഓടിച്ച് ഇന്ത്യ ആഗോള റിക്കാർഡിട്ടു. ഇലക്ട്രിക് ലോക്കോമോട്ടീവുകൾ ഉപയോഗിച്ച് ഇത്തരമൊരു സർവീസ് നടത്തുന്ന ലോകത്തിലെ ആദ്യത്തെ രാജ്യം ഇനി ഇന്ത്യയാണ്.
അമേരിക്ക, ചൈന തുടങ്ങിയ വൻശക്തികൾ ഡബിൾ സ്റ്റാക്ക് കണ്ടെയ്നർ ട്രെയിനുകൾ ഓടിക്കുന്നുണ്ടെങ്കിലും അവയെല്ലാം കപ്പൽച്ചാലുകൾക്ക് സമാനമായ ഓവർഹെഡ് വയറുകളില്ലാത്ത റൂട്ടുകളിലൂടെ ഡിസൈൻ എൻജിനുകൾ ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. എന്നാൽ ഇന്ത്യ തനതായ എൻജിനീയറിംഗ് മികവിലൂടെ പൂർണമായും വൈദ്യുതീകരിച്ച റെയിൽ ഇടനാഴിയിൽ ഈ അദ്ഭുത നേട്ടം കൈവരിക്കുകയായിരുന്നു. പരിസ്ഥിതി സൗഹൃദവും സുസ്ഥിരവുമായ ചരക്കുനീക്കത്തിൽ ഈ ചുവടുവയ്പ്പ് ആഗോള ശ്രദ്ധ നേടിക്കഴിഞ്ഞു.
റെയിൽവേ മന്ത്രാലയത്തിന് കീഴിലുള്ള ‘ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ്’ വികസിപ്പിച്ചെടുത്ത വെസ്റ്റേൺ ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോറിലാണ് ഈ ചരിത്ര വിജയം യാഥാർഥ്യമാക്കിയത്.ഉത്തർപ്രദേശിലെ ദാദ്രി മുതൽ മുംബൈയിലെ ജവഹർലാൽ നെഹ്റു പോർട്ട് വരെ നീളുന്ന ഈ പ്രത്യേക ചരക്കുപാത രാജ്യത്തെ വ്യവസായിക ഹബ്ബുകളെയും തുറമുഖങ്ങളെയും തമ്മിൽ അതിവേഗം ബന്ധിപ്പിക്കുന്ന പ്രധാന സാമ്പത്തിക ധമനിയാണ്.
രണ്ട് തട്ടുകളായുള്ള കണ്ടെയ്നറുകളുടെ അസാധാരണമായ ഉയരം കണക്കിലെടുത്ത് ഇന്ത്യൻ എൻജിനീയർമാർ പ്രത്യേകമായി രൂപകൽപന ചെയ്ത ‘ഹൈ റൈസ് ഓവർഹെഡ് എക്യുപ്മെന്റ്’ സംവിധാനമാണ് ഇവിടെ ഒരുക്കിയത്. സാധാരണ റെയിൽവേ ലൈനുകളേക്കാൾ വളരെ ഉയർന്ന രീതിയിൽ, ഏകദേശം 7.45 മീറ്റർ ഉയരത്തിലാണ് ഇതിലെ വൈദ്യുത ലൈനുകൾ സ്ഥാപിച്ചിരിക്കുന്നത്.
ഇതിനോടൊപ്പം, ഇത്രയും ഉയരത്തിലുള്ള കമ്പികളിൽ നിന്ന് തടസമില്ലാതെ വൈദ്യുതി സ്വീകരിക്കാൻ ശേഷിയുള്ളതും ഉയർന്ന പോയിന്റിലേക്ക് നീളുന്നതുമായ പ്രത്യേക ‘ഹൈ-റീച്ച് പാന്റോഗ്രാഫുകൾ’ ഘടിപ്പിച്ച അതിശക്തമായ ഇലക്ട്രിക് എൻജിനുകളും റെയിൽവേ വികസിപ്പിച്ചു. ഇത് ട്രെയിനുകൾക്ക് കൂടുതൽ വേഗവും ഉയർന്ന കാര്യക്ഷമതയും നൽകുന്നു.
സാധാരണ ചരക്കുവണ്ടികളേക്കാൾ ഇരട്ടിയിലധികം ഭാരം ഒരൊറ്റ യാത്രയിൽ കൊണ്ടുപോകാൻ സാധിക്കുന്നതിലൂടെ ഇന്ധനച്ചെലവ് വൻതോതിൽ കുറയ്ക്കാനും കാർബൺ പുറന്തള്ളൽ ഇല്ലാതാക്കാനും ഈ സംവിധാനത്തിലൂടെ സാധിക്കും. കേന്ദ്ര സർക്കാരിന്റെ പ്രമുഖ പദ്ധതികളായ പിഎം ഗതി ശക്തി, മേക്ക് ഇൻ ഇന്ത്യ എന്നിവയുടെ ലക്ഷ്യങ്ങൾ പൂർത്തീകരിക്കുന്നതിനും ഇന്ത്യയെ ആഗോള മാനുഫാക്ചറിംഗ് ഹബ്ബാക്കി മാറ്റുന്നതിനും ഈ പദ്ധതി വലിയ ഊർജം പകരും.
സമീപകാല ദശകങ്ങളിൽ ലോക റെയിൽവേ രംഗത്തുണ്ടായ ഏറ്റവും വിപ്ലവകരമായ സുസ്ഥിര ഗതാഗത മാതൃകയായാണ് ആഗോള റെയിൽവേ വിദഗ്ധർ ഇന്ത്യയുടെ ഈ നേട്ടത്തെ വിലയിരുത്തുന്നത്.
- എസ്. ആർ. സുധീർ കുമാർ
