ഹിമാചൽ പ്രദേശിലെ കസോളിൽ വന്ന ടൂറിസ്റ്റുകളുടെ അപകടകരമായ യാത്രാ വീഡിയോ സോഷ്യൽ മീഡിയയിൽ കടുത്ത പ്രതിഷേധത്തിന് വഴിതുറക്കുന്നു. ഓടുന്ന വാഹനത്തിൽ വെച്ച് ഒരു കൂട്ടം വിനോദസഞ്ചാരികൾ അങ്ങേയറ്റം ഉത്തരവാദിത്തമില്ലാതെയും മോശമായും പെരുമാറുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
പ്രചരിക്കുന്ന 21 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ, ഒരു കാറിനുള്ളിലും പുറത്തുമായി ഒരുകൂട്ടം യുവാക്കളെ കാണാം. ഇതിൽ ചിലർ കാറിന്റെ വിൻഡോയിലൂടെയും സൺറൂഫിലൂടെയും പുറത്തേക്ക് തൂങ്ങിക്കിടക്കുകയാണ്. സംഘത്തിലെ ചിലർ ഷർട്ട് ധരിക്കാതെയാണ് വാഹനത്തിലുണ്ടായിരുന്നത്. ഇതിനിടയിൽ ചലിച്ചുകൊണ്ടിരിക്കുന്ന കാറിന്റെ മുകളിൽ കയറി നിന്ന് രണ്ട് യുവാക്കൾ നൃത്തം ചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട്.
മറ്റൊരു യുവാവ് കാറിന്റെ സൈഡ് ഡോറിൽ ഇരുന്നാണ് യാത്ര ചെയ്യുന്നത്. മലയോര മേഖലയിലെ വളവുതിരിവുകളുള്ള റോഡിലൂടെ വാഹനം മുന്നോട്ട് പോകുമ്പോഴും, തങ്ങൾ എടുക്കുന്ന വലിയ അപകടസാധ്യതയെക്കുറിച്ച് യാതൊരു ഭയവുമില്ലാതെ ആഘോഷത്തിലും വീഡിയോ ചിത്രീകരണത്തിലുമായിരുന്നു ഈ സംഘം.
ചുറ്റുമുള്ള മറ്റ് വിനോദസഞ്ചാരികളെയും അടുത്തുകൂടി പോകുന്ന പ്രാദേശിക സ്ത്രീകളെയും ഒന്നു നോക്കൂ. എന്തൊരു ലജ്ജയില്ലാത്ത പെരുമാറ്റമാണിത്? ഇതിനെ ഒരുതരത്തിലും ന്യായീകരിക്കാൻ കഴിയില്ല. ഇത്തരം ചില ആളുകൾ കാരണം ഒരു സംസ്ഥാനത്തിന്റെ മുഴുവൻ പ്രതിച്ഛായയാണ് തകരുന്നത്,” എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ എക്സിൽ പ്രചരിക്കുന്നത്.
വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള വിമർശനങ്ങളാണ് ഉയരുന്നത്. കസോളിലേത് പോലുള്ള ഹിൽ സ്റ്റേഷനുകളിലെ ഇടുങ്ങിയതും വളഞ്ഞുപുളഞ്ഞതുമായ റോഡുകളിൽ ഇത്തരം അഭ്യാസപ്രകടനങ്ങൾ നടത്തുന്നത് അങ്ങേയറ്റം അപകടകരവും ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതുമാണെന്ന് നെറ്റിസൺസ് ചൂണ്ടിക്കാണിക്കുന്നു.അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അധികാരികളുടെ ഭാഗത്തുനിന്നും ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങളോ നടപടികളോ ഉണ്ടായിട്ടില്ല.
