ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ എവറസ്റ്റിന്റെ മുകൾത്തട്ടിൽ 30 വർഷമായി മരവിച്ചുകിടക്കുന്ന, “ഗ്രീൻ ബൂട്ട്സ്’ എന്നറിയപ്പെടുന്ന ഇന്ത്യൻ പർവതാരോഹകന്റെ മൃതദേഹം വീണ്ടെടുക്കാൻ ഇന്തോ-ടിബറ്റൻ ബോർഡർ പോലീസ്. സമുദ്രനിരപ്പിൽ നിന്ന് 8000 മീറ്ററിലധികം ഉയരത്തിലുള്ള, ഓക്സിജൻ ലഭ്യത കുറവായ “ഡെത്ത് സോൺ’എന്നറിയപ്പെടുന്ന മേഖലയിൽ കിടക്കുന്ന മൃതദേഹം താഴെയെത്തിക്കാൻ വിദഗ്ധരായ ഹൈ-ആൾട്ടിറ്റ്യൂഡ് റിക്കവറി ഏജൻസികളിൽനിന്ന് ഐടിബിപി ടെൻഡർ ക്ഷണിച്ചു.
ജൂണിനും സെപ്റ്റംബറിനും ഇടയിൽ സങ്കീർണമായ വീണ്ടെടുക്കൽ ദൗത്യം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. വിദഗ്ധരായ ഷെർപ്പകളുടെ സഹായത്തോടെ മൃതദേഹം ഡെത്ത് സോണിൽ നിന്ന് താഴെയിറക്കി, നേപ്പാൾ വഴി ഇന്ത്യയിലേക്ക് എത്തിക്കാനാണ് പദ്ധതിയെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
8000 മീറ്ററിന് മുകളിൽ പ്രവർത്തിച്ച് പരിചയസമ്പന്നരായ ആറ് ഷെർപ്പകളെയെങ്കിലും ദൗത്യത്തിനായി നിയോഗിക്കേണ്ടി വരും. ടെൻഡർ ലഭിക്കുന്ന ഏജൻസി ടിബറ്റിലെ ചൈനീസ് അധികാരികളിൽനിന്ന് അനുമതി വാങ്ങണം. മൃതദേഹം ടിബറ്റ്-നേപ്പാൾ അതിർത്തി കടത്തിക്കൊണ്ടുവരുന്നതിനും ഔദ്യോഗിക നടപടികൾ പൂർത്തിയാക്കുന്നതിനും ഏജൻസിക്കു തന്നെയായിരിക്കും ചുമതല. പതിറ്റാണ്ടുകളായി പൂജ്യത്തിന് താഴെയുള്ള താപനിലയിൽ കിടക്കുന്ന മൃതദേഹം കേടുപാടുകൾ കൂടാതെ കൈകാര്യം ചെയ്യുന്നതിനുള്ള സാങ്കേതികവിദ്യകൾ ഏജൻസിക്കുണ്ടായിരിക്കണം.
എവറസ്റ്റിലേക്ക് പോകുന്ന പർവതാരോഹകർ വർഷങ്ങളായി കാണുന്നതാണ് കടും പച്ച നിറത്തിലുള്ള ബൂട്സുകളോടുകൂടിയ മൃതദേഹം. എന്നാൽ ഇത് ആരുടേതാണെന്നതിൽ ഇപ്പോഴും കൃത്യമായ സ്ഥിരീകരണമില്ല. 1996 മേയ് 10-ന് എവറസ്റ്റിന്റെ വടക്കൻ മേഖലയിലൂടെ കയറുന്നതിനിടെയുണ്ടായ ദുരന്തത്തിൽപ്പെട്ട ആറ് ഐടിബിപി ഉദ്യോഗസ്ഥരിൽ ഒരാളുടേതാണ് മൃതദേഹം. ഇത് ലാൻസ് നായിക് ദോർജെ മോറപ്പിന്റേതാണെന്ന് ചിലർ വിശ്വസിക്കുമ്പോൾ, ഹെഡ് കോൺസ്റ്റബിൾ തെസ്വാംഗ് പാൽജോറിന്റേതാണെന്ന് മറ്റു ചിലർ വാദിക്കുന്നു. അന്ന് സുബേദാർ തെസ്വാംഗ് സമൻലയ്ക്കൊപ്പം ഇവർ മൂവരും കൊടുമുടിയുടെ തൊട്ടടുത്ത് വരെ എത്തിയെങ്കിലും ഡെത്ത് സോണിൽവച്ച് തിരിച്ചിറങ്ങുകയും അവിടെവച്ച് മരണത്തിനിരയാകുകയുമായിരുന്നു.
കാലാവസ്ഥാ വ്യതിയാനം മൂലം എവറസ്റ്റിലെ മഞ്ഞുരുകുമ്പോൾ കൂടുതൽ മൃതദേഹങ്ങൾ പുറത്തേക്കു വരുന്നുണ്ട്. നിലവിൽ ഇത്തരത്തിൽ ഇരുനൂറോളം പർവതാരോഹകരുടെ മൃതദേഹങ്ങൾ എവറസ്റ്റിലെ ഡെത്ത് സോണിൽ മരവിച്ചുകിടക്കുന്നുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.
