ഇന്ത്യൻ സിനിമ തിയറ്ററുകളിലെ അത്യാധുനിക അടിസ്ഥാന സൗകര്യങ്ങളെയും അതിഥി സൽക്കാരത്തെയും പ്രശംസിച്ച് യുക്രെയ്നിയൻ ഇന്ഫ്ലുവൻസറായ സാന്ദ്ര ഓൺ. ഇന്ത്യൻ സിനിമ വേഴ്സസ് യൂറോപ്യൻ സിനിമ എന്ന പേരിൽ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിലാണ് തന്റെ അനുഭവങ്ങൾ സാന്ദ്ര വിവരിക്കുന്നത്. യൂറോപ്പിലെ തിയറ്ററുകളേക്കാൾ എത്രയോ മുകളിലാണ് ഇന്ത്യയിലെ തിയറ്ററുകളിലെ സൗകര്യങ്ങളെന്നും ഇരുരാജ്യങ്ങളും തമ്മിൽ ഇക്കാര്യത്തിൽ ഒരു മത്സരത്തിന് പോലും സാധ്യതയില്ലെന്നും സാന്ദ്ര പറയുന്നു.
ഇന്ത്യൻ തിയറ്ററുകളിലെ ഭക്ഷണ വിതരണ രീതിയാണ് സാന്ദ്രയെ ഏറ്റവും കൂടുതൽ ആകർഷിച്ചത്. സിനിമ കണ്ടുകൊണ്ടിരിക്കുമ്പോൾ തന്നെ മൊബൈൽ ആപ്പ് വഴി സീറ്റിലിരുന്ന് ഭക്ഷണം ഓർഡർ ചെയ്യാമെന്നത് തന്നെ അത്ഭുതപ്പെടുത്തിയെന്ന് സാന്ദ്ര കുറിച്ചു.
സീറ്റിലിരുന്ന് ഭക്ഷണം ഓർഡർ ചെയ്യാം! ഇത് എന്നെ ശരിക്കും അമ്പരപ്പിച്ചു കളഞ്ഞു. ഇന്ത്യയിൽ നിങ്ങൾക്ക് നേരിട്ട് തിയറ്ററിലേക്ക് നടന്നുപോയി സീറ്റിലിരിക്കാം, സിനിമ ഓടിക്കൊണ്ടിരിക്കുമ്പോൾ തന്നെ ആപ്പ് വഴി ഭക്ഷണം ഓർഡർ ചെയ്യാം. അവർ അത് നിങ്ങളുടെ സീറ്റിൽ എത്തിച്ചു തരും,” സാന്ദ്ര തന്റെ പോസ്റ്റിൽ വ്യക്തമാക്കി.
യൂറോപ്പിലെ തിയറ്ററുകളിൽ പോപ്കോണും ചിപ്സും കോളയും മാത്രമാണ് ലഭിക്കാറുള്ളത്. എന്നാൽ ഇന്ത്യയിൽ റെസ്റ്റോറന്റുകളിലേതിന് സമാനമായ വിപുലമായ മെനു ലഭ്യമാണെന്നും വിശക്കുകയാണെങ്കിൽ കേവലം സ്നാക്സുകൾക്ക് പകരം നല്ലൊരു ഊണ് തന്നെ കഴിക്കാമെന്നും അവർ കൂട്ടിച്ചേർത്തു.
ഇന്ത്യയിൽ എയർപോർട്ടിലേതിന് സമാനമായ സുരക്ഷാ പരിശോധനകളാണ് തിയറ്ററുകളിലുള്ളത്. ബാഗ് പരിശോധന, മെറ്റൽ ഡിറ്റക്ടർ തുടങ്ങി എല്ലാം ഇതിലുണ്ടാകും എന്നാൽ യൂറോപ്പിൽ ഇത് വളരെ ലളിതമാണ്. ഒരുപക്ഷേ അവിടെ പൊതുവേ സുരക്ഷിതമായ അന്തരീക്ഷമായതുകൊണ്ടാകാം ഇത്. എങ്കിലും ഈ വ്യത്യാസം എന്നെ അത്ഭുതപ്പെടുത്തി. സാന്ദ്രയുടെ ഈ പോസ്റ്റിന് താഴെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളാണ് വരുന്നത്.
