പരവൂർ: ട്രെയിനുകളിലും റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിലും യാത്രക്കാരുടെ സുരക്ഷ കർശനമാക്കുന്നതിന്റെ ഭാഗമായി റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (ആർപിഎഫ്) ഉദ്യോഗസ്ഥർക്കായി അത്യാധുനിക ബോഡി-വോൺ കാമറകൾ വ്യാപകമാക്കാൻ ഇന്ത്യൻ റെയിൽവേ. ഈ പദ്ധതിയുടെ ഏറ്റവും പുതിയ ഘട്ടമായി ഈസ്റ്റ് സെൻട്രൽ റെയിൽവേയിലെ സമസ്തിപൂർ ഡിവിഷനിൽ ജി.പിഎസ് അധിഷ്ഠിതമായ പുതിയ 20 കാമറകൾ സുരക്ഷാ ഉദ്യോഗസ്ഥർക്ക് കൈമാറി.
യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം ആർപിഎഫ് ഉദ്യോഗസ്ഥരുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും ഈ പോർട്ടബിൾ കാമറകൾ സഹായകരമാകും.സുരക്ഷാ ഉദ്യോഗസ്ഥരുടെ യൂണിഫോമിലോ പ്രത്യേക ബോഡി ഹാർനെസിലോ ഘടിപ്പിക്കാവുന്ന ചെറിയ റെക്കോർഡിംഗ് ഉപകരണങ്ങളാണിവ. റെയിൽവേ സ്റ്റേഷനുകളിലെ തിരക്ക് നിയന്ത്രിക്കൽ, പട്രോളിംഗ്, പരിശോധനകൾ എന്നിവയ്ക്കിടയിൽ ഉണ്ടാകുന്ന എല്ലാ സംഭവങ്ങളും തത്സമയം റെക്കോർഡ് ചെയ്യാൻ ഇതിലൂടെ സാധിക്കും.
100 മുതൽ 109 ഡിഗ്രി വരെയുള്ള വൈഡ് ആംഗിൾ ലെൻസുകളാണ് ഇതിലുള്ളത്. ഇരുട്ടിലും ദൃശ്യങ്ങൾ വ്യക്തമായി പകർത്താൻ നൈറ്റ് വിഷൻ സൗകര്യവുമുണ്ട്.32 ജിബി സംഭരണശേഷിയുള്ള കാമറകളിൽ 3000 എംഎഎച്ച് ബാറ്ററിയാണുള്ളത്. ഇവയ്ക്ക് തുടർച്ചയായി അഞ്ച് മണിക്കൂർ വരെ ദൃശ്യങ്ങൾ റെക്കോർഡ് ചെയ്യാനും എട്ട് മണിക്കൂർ വരെ സ്റ്റാൻഡ്ബൈ ആയിരിക്കാനും സാധിക്കും.
കാമറയിലെ സിം കാർഡ് സാങ്കേതികവിദ്യ വഴി ദൃശ്യങ്ങൾ തത്സമയം റെയിൽവേ കൺട്രോൾ റൂമിലേക്ക് കൈമാറാനും ജിപിഎസ് വഴി ഉദ്യോഗസ്ഥരുടെ ലൊക്കേഷൻ ട്രാക്ക് ചെയ്യാനും സാധിക്കും.ട്രെയിനുകളിലെയും സ്റ്റേഷനുകളിലെയും സ്ത്രീപീഡനം, മാലപൊട്ടിക്കൽ, പൂവാലശല്യം, കുട്ടിക്കടത്ത് തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങൾ തടയാൻ ഈ കാമറകൾ വലിയ പങ്കുവഹിക്കും. കാമറയിൽ റെക്കോർഡ് ചെയ്യുന്ന ദൃശ്യങ്ങൾ കോടതികളിൽ ശക്തമായ തെളിവായി സ്വീകരിക്കാൻ നിയമപരമായ സാധുതയുണ്ട്.
2020ലാണ് ഇന്ത്യൻ റെയിൽവേ ആദ്യമായി ആർപിഎഫ് ഉദ്യോഗസ്ഥർക്കായി ബോഡി കാമറകൾ പരീക്ഷണാടിസ്ഥാനത്തിൽ അവതരിപ്പിച്ചത്. തുടർന്ന് സെൻട്രൽ റെയിൽവേ നാഗ്പൂർ ഡിവിഷൻ (2021), മാൽഡ ടൗൺ സ്റ്റേഷൻ (2023), മൈസൂരു റെയിൽവേ ഡിവിഷൻ (2025) എന്നിവിടങ്ങളിൽ ഈ സംവിധാനം വിജയകരമായി നടപ്പിലാക്കിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ കൂടുതൽ ഡിവിഷനുകളിലേക്ക് പദ്ധതി വ്യാപിപ്പിക്കുന്നത്.
