കോട്ടയം: കോട്ടയം, ആലപ്പുഴ ജില്ലകളില്‍ വൈദ്യുതി വിതരണവുമായി ബന്ധപ്പെട്ട് നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഊര്‍ജിത നടപടികള്‍ സ്വീകരിക്കണമെന്ന് മന്ത്രി സണ്ണി ജോസഫ്. രണ്ടു ജില്ലകളിലെയും വൈദ്യുതി മേഖലയിലെ വികസനപദ്ധതികളും വെല്ലുവിളികളും അവലോകനം ചെയ്യുന്നതിന് പള്ളം ഡാം സേഫ്റ്റി ഹാളില്‍ ചേര്‍ന്ന എംഎല്‍എമാരുടെയും കെഎസ്ഇബി ഉന്നത ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
എംഎല്‍എമാരുടെ നേതൃത്വത്തിലുള്ള നിയോജക മണ്ഡലം സമിതികള്‍ സജീവമാക്കണം. തദ്ദേശ സ്ഥാപനതലത്തിലും സമിതികള്‍ രൂപീകരിക്കണം. കെഎസ്ഇബി ഉദ്യോഗസ്ഥര്‍ മുന്‍കൈ എടുത്ത് മൂന്നു മാസത്തില്‍ ഒരിക്കല്‍ ഈ സമിതികളുടെ യോഗം നടത്തണം. മേഖലയിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹാരത്തിന് ശ്രമിക്കണം. കുട്ടനാട് നിയോജക മണ്ഡലത്തിലെ സവിശേഷസാഹചര്യം ചര്‍ച്ച ചെയ്യാന്‍ തിരുവനന്തപുരത്ത് പ്രത്യേക യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു.
വൈദ്യുതി വിതരണം തടസപ്പെടുമ്പോള്‍ സമയബന്ധിതമായി പരിഹാരം കാണാന്‍ ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണം. വൈദ്യുതി മുടങ്ങുന്നതിന്റെ കാരണം ജനങ്ങളെ അറിയിക്കണം. തദ്ദേശ സ്വയംഭരണസ്ഥാപന തലത്തിലുള്ള ജനപ്രതിനിധികളെയും ഉള്‍പ്പെടുത്തി വാട്സ്ആപ്പ് ഗ്രൂപ്പുകള്‍ സജീവമാക്കണം. പരാതികള്‍ അറിയിക്കുന്നതിന് ഫോണിലും നേരിട്ടും ബന്ധപ്പെടുന്നവരോട് സൗഹാര്‍ദപരമായി പെരുമാറാന്‍ ശ്രദ്ധിക്കണം.
ഫീല്‍ഡ് സ്റ്റാഫിന്റെ കുറവ് പരിഹരിക്കുന്നതിന് പ്രാദേശിക തലത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കും. ടച്ചിംഗ് വെട്ടുന്നതുമായി ബന്ധപ്പെട്ട് പരാതികളും പരിഹരിക്കും. പുതുപ്പളളി നിയോജകമണ്ഡലത്തില്‍ പുതുപ്പള്ളിക്കും മണര്‍കാടിനും ഇടയില്‍ പുതിയ സബ് സ്റ്റേഷന് നിര്‍മിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ മന്ത്രി നിര്‍ദേശം നല്കി.
പാടശേഖരങ്ങള്‍ നിറഞ്ഞ കുമരകം, അയ്മനം, തിരുവാര്‍പ്പ് മേഖലകളിലും ആലപ്പുഴ ജില്ലയിലെ കുട്ടനാട്, ഹരിപ്പാട് മേഖലകളിലും വൈദ്യുതി മുടക്കം പതിവാകുന്നതിനാല് സബ് സ്റ്റേഷനുകള്‍ നിര്‍മിക്കുന്നതിനുള്ള നടപടികള്‍ സാങ്കേതികതടസങ്ങള് പരിഹരിച്ച് വേഗത്തിലാക്കണമെന്ന് ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു. കോട്ടയം ജില്ലാ പഞ്ചായത്ത് കെഎസ്ഇബിക്ക് പണം നല്‍കിയിട്ടുള്ള പദ്ധതികള്‍ അടിയന്തരമായി പൂര്‍ത്തീകരിക്കും.
എംഎല്‍എമാരായ ചാണ്ടി ഉമ്മന്‍, നാട്ടകം സുരേഷ്, പ്രഫ. റോണി കെ. ബേബി, റെജി ചെറിയാന്, കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, കോട്ടയം നഗരസഭാധ്യക്ഷന്‍ എം.പി. സന്തോഷ്കുമാര്‍, ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. മഹേന്ദ്രന്, നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ഷാനിമോള്‍ ഉസ്മാന്റെ പ്രതിനിധി കെ. ഉമേശന്, കെഎസ്ഇബി സൗത്ത് സോണ്‍ ചീഫ് എന്‍ജിനിയര്‍ ആര്.ആര്. ബിജു, സെന്‍ട്രല്‍ സോണ്‍ ചീഫ് എന്‍ജിനിയര്‍ കെ. ദിനേഷ്, കെഎസ്ഇബിയിലെ മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
