കോട്ടയം: കാര്‍ ഈടുവെച്ച് എടുത്ത വായ്പ അടച്ചുതീര്‍ത്തിട്ടും വായ്പ അടച്ചതായുള്ള സര്‍ട്ടിഫിക്കറ്റ് (നോ ലോണ്‍ ക്ലോഷര്‍ സര്‍ട്ടിഫിക്കറ്റ്) നല്‍കാത്ത ധനകാര്യ സ്ഥാപനം നഷ്ടപരിഹാരമായി അഞ്ചു ലക്ഷം രൂപയും കോടതിച്ചെലവിനത്തില്‍ അയ്യായിരം രൂപയും നല്‍കണമെന്ന് ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന് ഉത്തരവിട്ടു.
ദേവലോകം ത്രീ എ അസറ്റ് പിക്കാസോ പാലറ്റില്‍ താമസിക്കുന്ന ബിവിന്‍ ബാബു കൊച്ചി എംജി റോഡിലുള്ള മുത്തൂറ്റ് ക്യാപിറ്റല്‍ സര്‍വീസ് ലിമിറ്റഡിനെതിരേ നല്കിയ പരാതിയിലാണ് വിധി. 2024ല്‍ ആണ് ഈ സ്ഥാപനത്തില്‍ വാഹനം ഈട് നല്കി ബിവിന്‍ ബാബു 14,14,290 രൂപ വായ്പയായി എടുത്തത്.
പലിശസഹിതം 60 തുല്യതവണകളായി അടയ്ക്കണമെന്നും രണ്ടുതവണയില്‍ കൂടുതല്‍ മുടക്കം വരുത്തിയാല്‍ കരാര്‍ അവസാനിക്കുമെന്നും ബാലന്‍സ് തുക ഒറ്റത്തവണയായി അടയ്ക്കണമെന്നുമായിരുന്നു വ്യവസ്ഥ. 2025 ജനുവരിക്കുശേഷം രണ്ട് തവണ മുടക്കം വന്നു. തുടര്‍ന്ന് കരുനാഗപ്പള്ളിയില്‍ ഒരു സംഘം കാര്‍ തടഞ്ഞതിനേത്തുടര്‍ന്ന് ബിവിന്‍ തുക സംഘടിപ്പിച്ച് ബാക്കി തുക മുഴുവന്‍ അടച്ചതോടെ കാര്വിട്ടുനല്കി.
എന്നാല്‍ പലപ്രാവശ്യം ആവശ്യപ്പെട്ടിട്ടിട്ടും നോ ലോണ്‍ ക്ലോഷര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ലെന്നു കാട്ടിയാണ് കമ്മിഷനെ സമീപിച്ചത്. പരാതിക്കാരന് അടച്ച തുകയേക്കാള്‍ കൂടുതല്‍ തുക എതിര്‍കക്ഷിക്ക് നല്‍കാനുണ്ടെന്ന് തെളിയിക്കാന്‍ പറ്റിയില്ലെന്നു വിലയിരുത്തിയ കമ്മീഷന് സര്‍ട്ടിഫിക്കറ്റ് നല്കാത്തതുമൂലം വാഹനത്തിന്റെ പേരിലുള്ള ഹൈപ്പോതിക്കേഷന്‍ ഒഴിവാകാത്തത് എതിര്‍കക്ഷിയുടെ സേവന ന്യൂനതയായി കണ്ടെത്തി.
