ടെഹ്റൻ: ഹിജാബ് ധരിക്കാതെ സോഷ്യൽ മീഡിയയിലൂടെ സംഗീത പരിപാടി തത്സമയം സംപ്രേക്ഷണം ചെയ്ത പ്രശസ്ത ഇറാനിയൻ ഗായിക പരസ്തൂ അഹ്മദിക്കും സഹപ്രവർത്തകർക്കും ചാട്ടവാറടി ശിക്ഷ വിധിച്ച് കോടതി.ഇറാനിലെ കോം പ്രവിശ്യയിലെ കോടതിയാണ് ഇവർക്ക് 74 ചാട്ടവാറടി ശിക്ഷവിധിച്ചത്. ചാട്ടവാറടിക്ക് പുറമേ, രണ്ട് വർഷത്തേക്ക് വിദേശയാത്ര നടത്തുന്നതിനും ഏതെങ്കിലും തരത്തിലുള്ള കലാപരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനും ഇവർക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
2024 ഡിസംബറിൽ പരസ്തൂ അഹ്മദിയും അവരുടെ മ്യൂസിക് ബാൻഡിലെ അംഗങ്ങളും ചേർന്ന് ഹിജാബ് ധരിക്കാതെ ഒരു സംഗീത പരിപാടി നടത്തുകയും അത് യൂട്യൂബ് ചാനൽ വഴി തത്സമയം സംപ്രേക്ഷണം ചെയ്യുകയും ചെയ്തു.
ഇറാനിൽ സ്ത്രീകൾക്ക് തനിച്ച് പാട്ടുപാടുന്നതിനും ഹിജാബ് ഇല്ലാതെ പരസ്യമായി പ്രത്യക്ഷപ്പെടുന്നതിനും കർശന വിലക്കുണ്ട്. ഇതിനെതിരെയുള്ള പ്രതീകാത്മകമായ പ്രതിഷേധമെന്ന നിലയിലാണ് “ആൻ ഇമാജിനറി കൺസേർട്ട്’ എന്ന പേരിൽ അവർ ഈ പരിപാടി നടത്തിയത്.
ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ദശലക്ഷക്കണക്കിന് ആളുകൾ കാണുകയും വലിയ തോതിൽ വൈറലാവുകയും ചെയ്തു. തുടർന്ന് ഇന്റർനെറ്റിലൂടെ അശ്ലീലത പരത്തി പൊതുജനങ്ങളുടെ അന്തസിന് ഭംഗം വരുത്തി എന്ന കുറ്റം ചുമത്തിയാണ് ഇറാനിലെ ഇസ്ലാമിക നിയമപ്രകാരം കോടതി ഇവർക്ക് ശിക്ഷ വിധിച്ചത്.
