സ്മാർട്ട്ഫോണുകളുടെ ലോകത്ത് നിന്ന് വാരാന്ത്യങ്ങളിൽ മാത്രം മാറിനിൽക്കാൻ ഒരു യുവാവ് എടുത്ത തീരുമാനം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്. രണ്ട് ദിവസത്തേക്ക് ഫോൺ പൂർണമായും ഓഫ് ചെയ്ത് വെച്ചപ്പോൾ തന്റെ ജീവിതരീതിയിലും സമയക്രമത്തിലും ഉണ്ടായ അത്ഭുതകരമായ മാറ്റങ്ങളാണ് സിദ്ധാർഥ് ഭിമാനി എന്ന യുവാവ് എക്സ് പ്ലാറ്റ്ഫോമിലൂടെ പങ്കുവെച്ചത്.
കുടുംബത്തോടൊപ്പം കൂടുതൽ സമയം ചിലവഴിക്കാനും അനാവശ്യ ചിന്തകൾ കുറയ്ക്കാനും ഈ പരീക്ഷണം സഹായിച്ചെങ്കിലും, ഇന്നത്തെ കാലത്ത് സ്മാർട്ട്ഫോണില്ലാതെ ജീവിക്കുന്നത് എത്രത്തോളം പ്രയാസകരമാണെന്നും അദ്ദേഹം ഓർമിപ്പിക്കുന്നു. സിദ്ധാർഥിന്റെ പോസ്റ്റ് പ്രകാരം, എല്ലാ വെള്ളിയാഴ്ച രാത്രിയും അദ്ദേഹം തന്റെ ഐഫോൺ പൂർണമായും സ്വിച്ച് ഓഫ് ചെയ്യും. തുടർന്ന് ശനി, ഞായർ ദിവസങ്ങളിൽ ഒരു സാധാരണ നോക്കിയ ഫ്ലിപ്പ് ഫോൺ മാത്രമാണ് ഉപയോഗിക്കുക. ഈ കൊച്ചു പരീക്ഷണം തനിക്ക് നൽകിയ ഫലങ്ങൾ തന്നെ അത്ഭുതപ്പെടുത്തിയെന്ന് അദ്ദേഹം പറയുന്നു.
ഫോൺ ഇല്ലാതായതോടെ ധാരാളം ഒഴിവുസമയം ലഭിച്ചു. പുസ്തകങ്ങൾ വായിക്കാനും മകളോടൊപ്പം കളിക്കാനും കുടുംബത്തോടൊപ്പം ഗുണനിലവാരമുള്ള സമയം ചിലവഴിക്കാനും ഇത് സഹായിച്ചു. യാത്രകളിലോ ഭക്ഷണസമയത്തോ സംഭാഷണങ്ങളിലോ ഫോണിലേക്ക് വീണ്ടും വീണ്ടും നോക്കുന്ന ശീലം ഇല്ലാതായി. ഉത്കണ്ഠ കുറയുകയും മനസ്സിന് കൂടുതൽ ശാന്തത ലഭിക്കുകയും ചെയ്തു. മറ്റുള്ളവരുമായി നേരിട്ട് സംസാരിക്കുമ്പോൾ ഫോൺ മാറ്റിവെക്കുന്നത് ബന്ധങ്ങൾ കൂടുതൽ ദൃഢമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡിജിറ്റൽ ഡീറ്റോക്സ് മാനസികമായി സുഖം നൽകിയെങ്കിലും പ്രായോഗിക ജീവിതത്തിൽ വലിയ വെല്ലുവിളികളാണ് സിദ്ധാർഥിന് നേരിടേണ്ടി വന്നത്. ഞായറാഴ്ച വൈകുന്നേരമാകുമ്പോഴേക്കും സോഷ്യൽ മീഡിയയുടെ ലോകം താൻ ഒട്ടും മിസ്സ് ചെയ്യുന്നില്ലെന്ന് സിദ്ധാർഥ്. എങ്കിലും, തിങ്കളാഴ്ച വീണ്ടും ഐഫോൺ ഓൺ ചെയ്യുന്ന നിമിഷം പഴയ ഡിജിറ്റൽ ശീലങ്ങളിലേക്ക് തന്നെ മനസ്സ് തിരികെ പോകുന്നുണ്ടെന്ന യാഥാർഥ്യവും അദ്ദേഹം തുറന്നുപറയുന്നു. സ്മാർട്ട്ഫോണുകളോട് നമ്മൾ എത്രത്തോളം അടിമപ്പെട്ടിരിക്കുന്നു എന്നതിന്റെ നേർക്കാഴ്ചയാണ് ഈ വൈറൽ കുറിപ്പ്.
