കോട്ടയം: വെള്ളൂരിൽ ന്യൂസ്പ്രിന്റ് ഫാക്ടറി പ്രവർത്തനം അവസാനിപ്പിച്ച ശേഷം ലഭ്യമായ 600 ഏക്കറോളം സ്ഥലത്ത് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് സ്ഥാപിക്കണമെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജ്.
മോദി സർക്കാരിന്റെ 12 വർഷത്തെ വികസന യാത്രയുടെ ഭാഗമായി ബിജെപി കോട്ടയം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വികസന സദസിലാണ് ഷോൺ ഈ ആവശ്യം ഉന്നയിച്ചത്.
എന്നാൽ വേദിയിലുണ്ടായിരുന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപി “അത് തൃശൂരിന് തന്നെയാണ് വേണ്ടത്” എന്ന് തിരിച്ചടിച്ചു. ജലലഭ്യത, റോഡ്-റെയിൽ-വിമാന ഗതാഗത സൗകര്യങ്ങൾ എന്നിവയാൽ സമ്പന്നമായ വെള്ളൂരിലെ ഭൂമി എയിംസിന് ഏറ്റവും അനുയോജ്യമാണെന്ന് ഷോൺ ചൂണ്ടിക്കാട്ടി.
തൃശൂരിന്റെ ഭൗമശാസ്ത്രപരമായ പ്രത്യേകതകളും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർക്ക് ഏകദേശ സമദൂരത്തിൽ എത്തിച്ചേരാനാകുന്ന കേന്ദ്രസ്ഥാനമെന്ന ഗുണവും തൃശൂരിനുണ്ടെന്ന് സുരേഷ് ഗോപി വിശദീകരിച്ചു.
“എന്തായാലും അടുത്ത തവണ കോട്ടയത്തുനിന്ന് ഒരു ബിജെപി എംപിയെ വിജയിപ്പിക്കാൻ കഴിയുമോ എന്ന് ഞങ്ങളും നോക്കട്ടെ” എന്നായിരുന്നു ഷോണിന്റെ തമാശരൂപേണയുള്ള മറുപടി.
