പാലാ: പിഎസ്സി ചോദ്യപേപ്പറിലും ചരിത്ര ഉത്തരമായി പാലാ നഗരസഭാ ചെയര്‍പേഴ്സണ്‍ ദിയ ബിനു പുളിക്കക്കണ്ടം. ശനിയാഴ്ച നടന്ന വനിതാ കോണ്‍സ്റ്റബിള്‍ എഴുത്തുപരീക്ഷയിലെ ശരിയുത്തരം ദിയ ബിനു ആയിരുന്നു.
ചോദ്യപേപ്പറിലെ പതിനേഴാമത്തെ ചോദ്യമായി വന്നത്, 2025 ഡിസംബറില്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ഏറ്റവും പ്രായംകുറഞ്ഞ നഗരസഭാ അധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ടത് ആര് എന്നതായിരുന്നു. ശരിയുത്തരം തെരഞ്ഞെടുക്കുന്നതിനായി നാല് ഓപ്ഷനുകള്‍ കൊടുത്തിരുന്നു.
പരീക്ഷ കഴിഞ്ഞയുടനെ ഈ പരീക്ഷ എഴുതിയ ദിയയുടെ അടുത്ത സുഹൃത്താണ് ചോദ്യപേപ്പറിന്റെ ഫോട്ടോ എടുത്ത് അയച്ചുകൊടുത്തത്.
ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാ അധ്യക്ഷ എന്ന ചരിത്ര സ്ഥാനത്തെത്തിയ ദിയ ബിനുവിന്റേത് കന്നി മത്സരമായിരുന്നു. മത്സരിക്കുന്പോഴും പിന്നീട് ചെയര്‍പേഴ്സണായി തെരഞ്ഞെടുക്കപ്പെട്ടപ്പോഴും 21 വയസേ ആയിരുന്നുള്ളൂ. ഈ ചരിത്ര നേട്ടത്തെ പിഎസ്സി കൂടി ചോദ്യപേപ്പറിലൂടെ ആദരിച്ചിരിക്കുകയാണിപ്പോള്‍.
