തിരുവല്ലം: കോഴിക്കറിയില്‍ ഉപ്പ് കുറഞ്ഞതിന്റെ പേരില്‍ ബാര്‍ ജീവനക്കാരനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ രണ്ട് യുവാക്കളെ തിരുവല്ലം പോലീസ് അറസ്റ്റ് ചെയ്തു. കോവളം സ്വദേശികളായ ഷാഫി (30), യാസീന്‍ (25) എന്നിവരാണ് അറസ്റ്റിലായത്. ബൈപാസിനു സമീപത്തെ ബാറില്‍ വ്യാഴാഴ്ച രാത്രിയിലായിരുന്നു കേസിനിടയായ സംഭവം നടന്നത്.
ബാറിലെത്തിയ യുവാക്കള്‍ക്ക് ഭക്ഷണത്തോടൊപ്പം നല്കിയ കോഴിക്കറിയില്‍ ഉപ്പ് കുറവെന്ന കാരണത്താല്‍ ബാര്‍ ജീവനക്കാരനുമായി വാക്കു തര്‍ക്കമുണ്ടാകുകയും തുടര്‍ന്ന് ജീവനക്കാരനെ ക്രൂരമായി മര്ദിക്കുകയുമായിരുന്നതായി പോലീസ് പറഞ്ഞു. മര്‍ദനത്തില്‍ പരിക്കേറ്റ യുവാവ് ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. ബാറിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു.
പിടിയിലായ ഷാഫിക്കെതിരെ വിവിധ പോലീസ് സ്റ്റേഷനുകളിലായി നിരവധി കേസുകളുളളതായും റൗഡി പട്ടികയിലുള്പ്പെട്ടയാളാണെന്നും പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
