തിരുവനന്തപുരം: വറ്റ മത്സ്യം കഴിച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് ചികിത്സയിലിരുന്ന വർക്കല സ്വദേശി മരിച്ചു. ചിലക്കൂർ ഗ്രാലികുന്ന് തൈക്കാവിൽ വീട്ടിൽ സുധീർ (40) ആണ് മരിച്ചത്. ഭക്ഷ്യവിഷബാധ ആണെന്നാണ് ആശുപത്രിയിൽ നിന്നും പൊലീസിന് ലഭിച്ചിട്ടുള്ള വിവരം.
മത്സ്യതൊഴിലാളി കൂടിയാണ് മരിച്ച സുധീർ. ബോട്ടിൽ മത്സ്യ ബന്ധനത്തിന് പോകാറുണ്ട്. സുധീറിന്റെ ബോട്ടിൽ മത്സ്യം ലഭിക്കാത്തതിനെ തുടർന്ന് മറ്റൊരു ബോട്ടിൽ ലഭിച്ച 25 കിലോ തൂക്കം വരുന്ന 28 ഓളം മത്സ്യം വാങ്ങിയാണ് സുധീറും കുടുംബവും ഉപയോഗിച്ചത്.
ഇക്കഴിഞ്ഞ ഒക്ടോബർ 28നാണ് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് സുധീറിനെ വർക്കല താലൂക്ക് ആശുപത്രിയിലും തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചത്. ആരോഗ്യ നില വഷളായതോടെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ വെന്റിലെറ്ററിലേക്ക് മാറ്റിയിരുന്നു.
അതേസമയം, തീരദേശ മേഖലയില്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി വറ്റ മത്സ്യത്തിന്റെ ചാകരയുണ്ടായിരുന്നു. തുടര്‍ന്ന് വിപണിയില്‍ നിന്നും മത്സ്യം വാങ്ങി ഉപയോഗിച്ച ചിലര്‍ക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. മത്സ്യം വാങ്ങുമ്പോള്‍ അതീവ ജാഗ്രത പാലിക്കണമെന്നും ഭക്ഷ്യയോഗ്യമായ മത്സ്യങ്ങള്‍ മാത്രമേ വാങ്ങി ഉപയോഗിക്കാവൂ എന്നും കര്‍ശന ജാഗ്രത പുലര്‍ത്തണമെന്നും നഗരസഭ മുന്നറിയിപ്പ് നല്കി.
