പരവൂർ: ദേശീയപാതകളിലും എക്സ്പ്രസ് വേകളിലും യാത്ര ചെയ്യുന്നവർക്ക് ആശ്വാസമായി അടിയന്തര വാഹന റിപ്പയറിംഗ്, പങ്ചർ പരിഹാര കേന്ദ്രങ്ങൾ സ്ഥാപിക്കാൻ നാഷണൽ ഹൈവേ അഥോറിറ്റി ഓഫ് ഇന്ത്യ നിർദേശം നൽകി.ദേശീയപാതയോരങ്ങളിലെ വിശ്രമകേന്ദ്രങ്ങളിൽ ഇത്തരം സൗകര്യങ്ങൾ അടിയന്തരമായി സജ്ജമാക്കാൻ തങ്ങളുടെ ഫീൽഡ് ഓഫീസുകൾക്ക് അഥോറിറ്റി കർശന നിർദേശമാണ് നൽകിയിട്ടുളളത്.
വഴിമധ്യേ വാഹനങ്ങൾ തകരാറിലാകുന്ന യാത്രക്കാർക്ക് ഉടന് മെക്കാനിക്കൽ സഹായം ലഭ്യമാക്കാനും അതുവഴി യാത്ര കൂടുതൽ സുരക്ഷിതവും സുഗമവുമാക്കാനുമാണ് ഈ പുതിയ നീക്കം.നിലവിൽ പല പ്രമുഖ പാതകളിലും ഇത്തരം റിപ്പയറിംഗ് സൗകര്യങ്ങളുടെ കുറവുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ദേശീയപാതകളിൽ വച്ച് അപ്രതീക്ഷിതമായി വാഹനങ്ങൾ കേടുവരുമ്പോൾ യാത്രക്കാർ നേരിടുന്ന വലിയ ബുദ്ധിമുട്ടുകൾക്കും യാത്രാ കാലതാമസങ്ങൾക്കും പുതിയ തീരുമാനം പരിഹാരമാകും. വിജനമായ പാതകളിൽ മണിക്കൂറുകളോളം വാഹനം വഴിയിൽ കിടക്കുന്നത് മൂലമുണ്ടാകുന്ന സുരക്ഷാ ഭീഷണികളും അപകടസാധ്യതകളും ഒഴിവാക്കാൻ ഇത്തരം തത്സമയ സഹായ കേന്ദ്രങ്ങൾ വഴി സാധിക്കുമെന്ന് എൻഎച്ച്എഐ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.
നാഷണൽ ഹൈവേസ് ലോജിസ്റ്റിക്സ് മാനേജ്മെന്റ് ലിമിറ്റഡിന്റെ നേതൃത്വത്തിൽ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ ദീർഘകാല ലീസിംഗ് അടിസ്ഥാനത്തിലാണ് രാജ്യത്തുടനീളം ആധുനിക പാതയോര വിശ്രമകേന്ദ്രങ്ങൾ വികസിപ്പിക്കുന്നത്. കരാർ വ്യവസ്ഥകൾ പ്രകാരം അനുവദനീയമായ അധിക സൗകര്യങ്ങളുടെ പരിധിയിലാണ് ഈ റിപ്പയറിംഗ് ഷോപ്പുകളും ഉൾപ്പെടുന്നത്. ഇവയുടെ നിർമാണത്തിന് മുൻഗണന നൽകാനാണ് ഇപ്പോൾ നിർദേശിച്ചിട്ടുള്ളത്.
സാധാരണ യാത്രക്കാർക്കും ചരക്ക് വാഹനങ്ങൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന സംയോജിത സർവീസ് ഹബ്ബുകളായാണ് ഈ വിശ്രമകേന്ദ്രങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. റിപ്പയറിംഗ് കേന്ദ്രങ്ങൾ കൂടി വരുന്നതോടെ ദേശീയപാത അടിസ്ഥാന സൗകര്യങ്ങൾ ലോകോത്തര നിലവാരത്തിലേക്ക് ഉയരുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
